വെഞ്ഞാറമൂട് വെള്ളുമണ്ണടി കൂട്ടുമുഖം ഭുവന വിഹാറിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ സീതമ്മ എന്ന ശാരദ അമ്മ (75) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.
തനിച്ച് താമസിക്കുന്ന വയോധികയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അറസ്റ്റിലായ പ്രതി ശ്രീനാരായണപുരം സ്വദേശി ജിത്തു (27) മൊഴി നൽകി. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പൊലീസ് പറയുന്നു.
ഏപ്രിൽ 8ന് രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. വയോധികയുടെ വീടുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് പ്രതി കൃത്യം നടത്തിയത്.
കൊലപാതകം നടന്ന മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിരുന്നു. ഇതാണ് കേസിന് തുമ്പായത്.
ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വയോധിക ഒറ്റയ്ക്ക് താമസിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞാണ് പ്രതി എത്തിയത്.
വയോധികയുടെ വീട്ടിൽ നിന്നും 15 കിലോമീറ്ററോളം അകലെ താമസിക്കുന്ന മകൻ എത്തിയ ശേഷം വെഞ്ഞാറമൂട് പോലീസിൽ വിവരം അറിയിച്ചു. പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി. ചെരിപ്പിൽ നിന്ന് മണം പിടിച്ച് പോലീസ് നായ സമീപത്തെ റോഡു വരെ ഓടി.
വയോധികയുടെ വീടിന്റെ അടുത്തുള്ള ബന്ധുവീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്റെ രണ്ടു ഫോണുകളില്‍ ഒരെണ്ണം വയോധികയുടെ വീട്ടില്‍ നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ പരിശോധനയിലാണ് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തിയത്.
പൊലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവ മാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കണ്ടെടുത്ത ഫോണിന്റെ ഉടമയെന്ന നിലയിൽ ജിത്തുവിനെ പിടികൂടി പോലീസ് ചോദ്യം ചെയ്തു. സംഭവ സമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്.
