പാലക്കാട് വോട്ടിന് നോട്ട്; വിവാദ കുരുക്കിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ

നിശബ്ദ പ്രചാരണ ദിനത്തിൽ വോട്ടിന് നോട്ട് നൽകിയെന്ന ആരോപണം ശബ്‌ദായന അന്തരീക്ഷത്തിന് കളമൊരുക്കി.  പാലക്കാട് ബി.ജെ.പി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണവുമായി രംഗത്ത് എത്തിയത് കോൺഗ്രസ് പ്രവർത്തകരാണ്.

പണം വിതരണം ചെയ്യുന്ന ദൃശ്യമാണെന്ന് പറഞ്ഞു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പാലക്കാട് കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്നാണ് കോൺഗ്രസിന്റെ ആരോപണം. 

പുറത്തുവന്ന ദൃശ്യങ്ങളിൽ പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനുമുണ്ട്. വീഡിയോ പകർത്തിയ യുവാവിനോട് തർക്കിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് വിവാദ സംഭവം നടന്നത്.  ഒരു വീട്ടിലെ വയോധികയ്ക്ക് ബി.ജെ.പി പ്രവർത്തകർ പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പുറത്തിറങ്ങി വയോധികയ്ക്ക് പണം നൽകിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരണപ്പെട്ടിരുന്നു. മരണ വീട്ടിലേക്ക് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും വന്നു. തുടർന്ന് തൊട്ടടുത്ത വീട്ടിലേക്കും ചെന്നു. അവിടെയുള്ളവരുമായി കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിൽ പണം നൽകുകയുമായിരുന്നെന്നാണ് ആരോപണം.

അതേ സമയം പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന വയോധികയുടെ പ്രതികരണവും പുറത്ത് വന്നു. ബി.ജെ.പി പ്രവർത്തക പണം വിതരണം ചെയ്യുന്നതായി ആരോപിച്ച് കോൺഗ്രസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ വീഡിയോയിലുള്ള വയോധികയെ മാധ്യമങ്ങൾ ചെന്നു കണ്ടത്.

മരുന്ന് വാങ്ങാൻ പൈസ തന്നതായും ആരുവോട്ടു ചോദിച്ച് വന്നാലും പൈസ തരണമെന്ന് താൻ അവരോട് പറഞ്ഞിരുന്നുവെന്നുമാണ് വയോധിക മാധ്യമങ്ങളോട് ആദ്യം പറഞ്ഞത്. വോട്ട് ചോദിച്ചുവരുന്ന എല്ലാവരോടും പൈസ വേണമെന്ന് പറഞ്ഞിരുന്നതായും ഇവർ പ്രതികരിച്ചു. 

'മരുന്ന് വാങ്ങാൻ പൈസ തന്നു. ഒരുമാസം മരുന്ന് വാങ്ങാൻ അയ്യായിരം രൂപ വേണം. ആരു വോട്ടുചെയ്യാൻ പറഞ്ഞാലും പൈസ തരണമെന്ന് പറയും. മരുന്ന് വാങ്ങാൻ പൈസ വേണമെന്ന്' വയോധിക പറഞ്ഞു.

ചുരിദാറിട്ട സ്ത്രീ ഒന്നും തന്നിട്ടില്ല. അത് കൈ കൊടുത്തതാണ്. ബാഗിൽ നിന്ന് ഒന്നും തന്നിട്ടില്ലെന്നും വയോധിക പറഞ്ഞു. പുറത്തുവന്ന വീഡിയോയിലുള്ളത് പണം കൊടുക്കുന്നതല്ലെന്നും കൈ കൊടുക്കുന്നതാണെന്നും വയോധികയുടെ മകനും മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പണം നൽകിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. സംഭവമറിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ, തന്റെ കൈയിലുള്ള പണമാണെന്നാണ് വയോധിക പറയുന്നതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പ്രതികരിച്ചു. സംഭവം വലിയ വിവാദമായതോടെ കൂടുതൽ ഉദ്യോഗസ്ഥരും നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

1 അഭിപ്രായങ്ങള്‍

  1. നല്ല പോലെ , Balance ചെയ്തു കൊടുത്ത വാർത്ത.ആരോപിതയുടെ അഭിപ്രായം കൂടി കൊടുത്തത് നന്നായി ( അത് സത്യമാണെങ്കിലും, അല്ലെങ്കിലും)

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം