സഹജീവികൾക്ക് ജീവജലം ഒരുക്കാൻ കുട്ടികൾക്ക് മത്സരം സംഘടിപ്പിച്ച് വാർഡ് മെമ്പറുടെ തീവ്രയജ്ഞം

 

വാർഡ് മെമ്പറുടെ ഇടപെടലിൽ പക്ഷിമൃഗാദികൾക്ക് ആശ്വാസം. കടുത്ത വേനൽ തീയിൽ ദാഹിച്ചു വലയുന്ന സഹജീവികൾക്ക് കുടിനീർ ഒരുക്കാനായി വാർഡ് മെമ്പർ നടത്തുന്ന വേറിട്ട മത്സരമാണ് ഇപ്പോൾ നാട്ടുകാർക്ക് കുളിര് പകരുന്നത്.  

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പെരിങ്ങോട് വാളാറാംകുന്ന് മെമ്പർ അഡ്വ.സി.പി ഫർഹത്ത് ആണ്  'സഹജീവികൾക്ക് കുടിനീർ ഒരുക്കൽ' മത്സരം സംഘടിപ്പിക്കുന്നത്. പതിനേഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ഓരോ വീടിന് സമീപവും സഹജീവികളായ മിണ്ടാപ്രാണികൾക്കായി വീട്ടുകാരുടെ സഹായത്തോടെ കുടിനീർ ഒരുക്കുകയും പക്ഷികളും മറ്റും ദാഹമകറ്റുന്ന പടമെടുത്ത് മെമ്പക്ക് അയക്കുകയും ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് സമ്മാനം നൽകും. മെമ്പറുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇവ പേര് സഹിതം ഷെയർ ചെയ്യും.

സൂര്യാതപവും സൂര്യാഘാതവും നിത്യ സംഭവമാവുന്ന ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ള സഹജീവികളുടെ ദുരിതം കാണാതെ പോവരുതെന്നാണ് വാർഡ് മെമ്പർ പറയുന്നത്. നമുക്ക് ചെയ്യാവുന്ന ചെറിയ കരുതൽ അവക്ക് വലിയ ആശ്വാസം പകരുന്നതോടൊപ്പം ഈ വേനലവധിയിൽ ഓരോ വീട്ടിലും കുട്ടികൾക്ക് പകർന്നു നൽകാവുന്ന പ്രായോഗിക ഗൃഹപാഠമാണിതെന്നും കുട്ടികളിൽ സാമൂഹിക, പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നും പട്ടാമ്പി കോടതിയിൽ അഭിഭാഷക കൂടിയായ വാർഡ് മെമ്പർ അഡ്വ.സി.പി ഫർഹത്ത് പറഞ്ഞു.

വിദ്യാർഥികൾക്ക് സഹായകരമായ മോട്ടിവേഷൻ പരിപാടിയിലും, ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച സൈബർ ക്രൈം ബോധവത്കരണ  ക്ലാസുകൾക്കും അഡ്വ. ഫർഹത്ത് നേതൃത്വം നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം