ഇത്തവണയും മോശമാക്കിയില്ല: ഓണത്തിന് കുടിച്ചു തീർത്തത് 842 കോടി.


ഓണസദ്യ മോശമായാലും മദ്യസേവ മോശമാവരുതെന്ന് നിർബന്ധമുള്ളവരാണ് കേരളീയരെന്ന് ഇക്കുറിയും തെളിയിച്ചു. ഇക്കാര്യത്തിൽ മല്ലുവിനെ വെല്ലാൻ ആർക്കും കഴിയില്ലെന്നും പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം ഓണത്തിന് മദ്യ വിൽപ്പന 776 കോടി രൂപയായിരുന്നു. ഈ വർഷം 842.07 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം 126 കോടി രൂപയായിരുന്ന ഉത്രാടം വിൽപ്പന ഇക്കുറി 137 കോടി രൂപയായി. 

സംസ്ഥാനത്തെ ആറ് ഔട്ട്ലറ്റുകൾ കോടിപതികളായി. സൂപ്പർ പ്രീമിയം ഷോപ്പും റെക്കോർഡ് വില്‌പന നടത്തി. ഇത്തവണ 67 ലക്ഷം രൂപയുടെ പ്രീമിയം ഇനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 മടങ്ങ് വർധന. 

കൊല്ലം കരുനാഗപ്പള്ളിയിലാണ് ഉത്രാടനാളിൽ ഏറ്റവും അധികം വിറ്റത്. 1.46 കോടി രൂപയുടെ വില്‌പന. ആശ്രാമം ഔട്ട്ലെറ്റ് 1.24 കോടി രൂപയുടെ വില്‌പനയോടെ തൊട്ട് പിന്നിലെത്തി. എടപ്പാൾ കുറ്റിപ്പാല ഷോപ്പിൽ 1.11 കോടി രൂപയുടെ മദ്യവും വിറ്റു.

ചാലക്കുടിയും (107.39) ഇരിഞ്ഞാലക്കുടയും (102.97)  യഥാക്രമം തൊട്ടു പിന്നിൽ. കൊല്ലം ജില്ലയിലെ തന്നെ കുണ്ടറ ഷോപ്പാണ് ഒരു കോടി പിന്നിട്ട ആറാമത്തെ ഔട്ട്ലറ്റ്.

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ സെപ്ത‌ംബർ നാല് വരെ 8962.97 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചതാവട്ടെ 7892.17 കോടി രൂപ. നാടിൻ്റെ വികസനത്തിൽ മദ്യപന്മാരുടെ സംഭാവന ചെറുതല്ലെന്ന് സാരം!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം