ആകാശ വിസ്മയമായ പൂർണ ചന്ദ്രഗ്രഹണം ഞായാറാഴ്‌ച രാജ്യത്ത് ദൂരദർശിനിയില്ലാതെ നേരിട്ടു കാണാനാകും. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസമാണിത്. ഞായറാഴ്‌ച രാത്രി ഏകദേശം 9.57ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11ന് പൂർണഗ്രഹണമാകും. 1.25ന് ഗ്രഹണം പൂർണമായി അവസാനിക്കും.
ഈ സമയത്ത് ചന്ദ്രൻ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും ദൃശ്യമാവുക. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ ഭൂമിയിലെ തരംഗ ദൈർഘ്യം കുറഞ്ഞ നിറങ്ങൾ മായുകയും തരംഗ ദൈർഘ്യം കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് സാധാരണത്തേക്കാൾ അല്പം വലുതും ഇരുണ്ടതുമായി ദൃശ്യമാകും.
ഇത് ഒരു അപൂർവ സൂപ്പർ ബ്ലഡ് മൂൺ ആണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം കാണുന്ന പൂർണ ചന്ദ്രഗ്രഹണങ്ങളിലൊന്നിനാണ് ലോകം സാക്ഷ്യം വഹിക്കുക. ഏകദേശം 6 ബില്യൺ ആളുകൾക്ക് ഈ അതിശയിപ്പിക്കുന്ന ആകാശ വിസ്മയം അനുഭവിക്കാൻ കഴിയും!
തെളിഞ്ഞ ആകാശത്തിനായി കാത്തിരിക്കുക. ഭൂഖണ്ഡങ്ങളിലുടനീളം നക്ഷത്ര നിരീക്ഷകരെ ഒന്നിപ്പിക്കുന്ന ഈ അത്ഭുത നിമിഷം നഷ്ടപ്പെടുത്തരുത്. ഇനി 2028 ഡിസംബർ 31നാണ് ഇന്ത്യയിൽ പൂർണ ചന്ദ്രഗ്രഹണം കാണാനാകുക.
