തൃത്താല ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വട്ടേനാട് സ്കൂളിൽ ഒരുക്കം പൂർത്തിയായി.

നവംബർ 1, 3, 4, 5, 6 തീയതികളിൽ നടക്കുന്ന തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നവം.3ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പൊന്നാനി പാർലിമെൻ്റ് അംഗം എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ അഭിനേത്രി ബീന ആർ ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. ത്രിതല തദ്ദേശ സാരഥികൾ പങ്കെടുക്കും.

ഉപജില്ലയിലെ 70 വിദ്യാലയങ്ങളിൽ നിന്ന് ഏഴായിരത്തോളം കുട്ടികൾ കലോത്സവത്തിൽ മാറ്റുരക്കും. വട്ടേനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും ഗവ.എൽ.പി സ്കൂളിലും കെ.എം ഓഡിറ്റോറിയത്തിലും പരിസരങ്ങളിലുമായി, മൺമറഞ്ഞ മഹാരഥന്മാരുടെ നാമധേയത്തിൽ 13 വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്.

വട്ടേനാടിൻ്റെ വസന്തോത്സവമെന്ന നിലയിൽ നടത്തുന്ന ഉപജില്ലാ കലോത്സവം യാതൊരു വിധ അപസ്വരങ്ങളും അലോസരങ്ങളുമില്ലാതെ കൊണ്ടാടുന്നതിന് വിവിധ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തൃത്താല സി.ഐയുടെ നേതൃത്വത്തിൽ ഡിസിപ്ലിൻ കമ്മിറ്റിയും രംഗത്തുണ്ടാവും. 

കലോത്സവ സമാപന സമ്മേളനം നവംബർ 6ന് വ്യാഴാഴ്‌ച വൈകീട്ട് 6 മണിക്ക് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘാടക സമിതി ചെയർമാൻ പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ, ജനറൽ കൺവീനർ സി.എ അഞ്ജന, മീഡിയ കൺവീനർ എം.കെ അൻവർ സാദത്ത്, ജോ. കൺവീനർമാരായ പി.പി ശിവകുമാർ, ജെയ്സി ആൻ്റണി, എൻ.പി പ്രകാശ്, കെ.പി സിദ്ദീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം