തിരുമിറ്റക്കോട് ഇരുങ്കൂറ്റൂർ ശ്രീ കൊടലൂർക്കാവ് ക്ഷേത്ര കമ്മിറ്റിയും, ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇറുമ്പകശ്ശേരി എ.യു.പി സ്കൂളിൽ നടന്ന ആരോഗ്യ ക്യാമ്പ് ഡോ.ശാലിനി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ചെയർമാൻ എൻ.പി ശശീന്ദ്രൻ അധ്യക്ഷനായി.
രോഗികൾക്ക് സൗജന്യമായി ഔഷധ വിതരണവും ഉണ്ടായി. തുടർച്ചയായി നടക്കുന്ന മെഡിക്കൽ ക്യാമ്പ് 15 വർഷം പിന്നിടുകയാണ്.
ടി.പി പത്മനാഭൻ, വി.വി. വേണുഗോപാലൻ, ടി.പി.മോഹനൻ, കെ.ഗോപിനാഥൻ, വി. ഭരതൻ, പി.സജിത് എന്നിവർ ആരോഗ്യ ക്യാമ്പിന് നേതൃത്വം നൽകി.
ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. എല്ലാ മാസവും ഉത്രം നാളിൽ പട്ടാമ്പി ഗവ. താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണ വിതരണം പതിവായി നടത്തിവരുന്നുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാശ്മീരിലെ ദുരിതബാധിതർക്ക് ഒരു ലോറി വസ്ത്രങ്ങളും കമ്മിറ്റി നൽകിയിരുന്നു. കോവിഡ് കാലത്ത് എല്ലാ വീട്ടിലും പച്ചക്കറി എത്തിച്ചു കൊടുത്തു.
കൂടാതെ പഞ്ചായത്തിന് അണുനശീകരണം നടത്താൻ പുകയന്ത്രം നൽകി. കൂറ്റനാട്ട് പാലിയേറ്റീവ് സെൻ്ററിന് ആധുനിക കട്ടിൽ, ഭിന്നശേഷിക്കാർക്ക് വീൽചെയർ, കുട്ടികൾക്ക് പഠനോപകരണങ്ങൾ, സൈക്കിൾ എന്നിങ്ങനെ വിവിധങ്ങളായ സേവന സാന്ത്വന പ്രവർത്തനങ്ങളാണ് കമ്മിറ്റി നടത്തി വരുന്നത്. കാര്യമായ വരുമാനം ക്ഷേത്രത്തിന് ഇല്ലെങ്കിലും മാനവ സേവയാണ് മാധവ സേവ എന്ന് ഉറച്ചു വിശ്വസിച്ചു മുന്നേറുകയാണ് ക്ഷേത്ര ഭാരവാഹികൾ.
