പാലക്കാട് ജില്ല ശാസ്ത്ര മേളയിൽ ടീച്ചിങ്ങ് എയ്ഡ് വിഭാഗത്തിൽ തൃത്താല ഉപജില്ലയിലെ രണ്ട് അധ്യാപകർ സംസ്ഥാന ഗണിത ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത അധ്യാപകൻ തോംസൺ കെ.വർഗ്ഗീസ് ഗണിത പഠനോപകരണ നിർമ്മാണ തത്സമയ മത്സരത്തിൽ ഒന്നാം സ്ഥാനവും, ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സന്തോഷ് ബാലകൃഷ്ണൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാർത്ഥികൾക്ക് ഗണിത ആശയങ്ങൾ രസകരമായി ആസ്വദിച്ച് പഠിക്കാനായി രൂപകൽപ്പന ചെയ്ത ഗണിത കൗതുക ക്യൂബ് എന്ന ഉപകരണത്തിനാണ് തോംസൺ കെ.വർഗ്ഗീസിന് വിജയം ലഭിച്ചത്. സംഖ്യകളും രൂപങ്ങളും ചേർത്ത് 12 പഠന ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ ഈ ഉപകരണം വിദ്യാർത്ഥികൾക്ക് ഗണിത പഠനം ആകർഷകമാക്കുന്നു എന്നതാണ് പ്രത്യേകത.
പത്താം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ എല്ലാ പാഠഭാഗങ്ങളും നിർദ്ദേശാങ്കജ്യാമിതിയിലൂടെ എളുപ്പത്തിൽ പഠിക്കാനാകുന്ന വിധത്തിൽ രൂപകല്പന ചെയ്ത പഠന സഹായിയാണ് സന്തോഷ് മാസ്റ്റർ ഒരുക്കിയത്. കഴിഞ്ഞ വർഷവും അദ്ദേഹം സംസ്ഥാനതല ടീച്ചിങ് എയ്ഡിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയിരുന്നു.
അടുത്ത മാസം പാലക്കാട് നടക്കുന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് ഇരു അധ്യാപകരും ടീച്ചിങ് എയ്ഡിൽ ജില്ലയുടെ പ്രതിനിധികളായി മത്സരിക്കും.
