കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇൻഡോർ സ്റ്റേഡിയം ഒറ്റപ്പാലത്ത് സ്ഥാപിക്കുന്നു

ഒറ്റപ്പാലം ഗവ.ബധിര-മൂക വിദ്യാലയത്തിൽ കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ഭിന്ന ശേഷിക്കാർക്ക് കൂടുതൽ പരിഗണന നൽകുന്ന സർക്കാരാണിതെന്നും ഭിന്നശേഷി സൗഹൃദ കേരളമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.   

കെ.പ്രേംകുമാർ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാരിൻ്റെ 2021-22 വർഷത്തെ ബജറ്റിൽ നിന്നും അനുവദിച്ച പത്തു കോടി  രൂപ വിനിയോഗിച്ചാണ് ഗവ. ബധിര-മൂക വിദ്യാലയത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്.

ബാസ്‌ക്കറ്റ് ബോൾ, വോളി ബോൾ, ഷട്ടിൽ ഉൾപ്പടെയുള്ള കോർട്ടുകളടങ്ങിയ സ്‌റ്റേഡിയമാണ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് ഒരുക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. 

ഗ്രൗണ്ട് ഡെവലപ്മെൻ്റ്, ഇൻഡോർ സ്റ്റേഡിയം, റീട്ടൈനിങ് വാൾ, കോമ്പൗണ്ട് വാൾ, കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി, സെക്യൂരിറ്റി ക്യാബിൻ,

ബോർ വെൽ, ഓവർ ഹെഡ് ടാങ്ക്, സംപ് ടാങ്ക്, പമ്പ് റൂം, സോളാർ സിസ്റ്റം, ഫ്ലഡ് ലൈറ്റ്, ഡ്രെയിൻ, അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നീ ഘടകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കായിക മേഖലയ്ക്ക് ഊന്നൽ നൽകി ഒറ്റപ്പാലം മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന 18.49 കോടി രൂപയുടെ ഒൻപത് പ്രവൃത്തികളാണ് നടന്നുവരുന്നത്.

കെ.പ്രേംകുമാർ എം.എൽ.എ അധ്യക്ഷനായി. സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ സജീവ് കുമാർ, അർജ്ജുൻ എന്നീ വിദ്യാർഥികളെയും വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെയും മന്ത്രി പുരസ്കാരം നൽകി ആദരിച്ചു. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ.ജാനകി ദേവി, സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്, കെ. അബ്ദുൾ നാസർ,  വാർഡ് കൗൺസിലർ എം.മണികണ്ഠൻ, ഹെഡ്മിസ്ട്രസ് എം.എൽ മിനി കുമാരി, രാഷട്രീയ പാർട്ടി പ്രതിനിധികൾ വിദ്യാർഥികൾ, തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം