ഓങ്ങല്ലൂരിലെ സിദ്ധ മര്‍മ്മ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓങ്ങല്ലൂരിലെ സിദ്ധ മര്‍മ്മ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുര്‍വേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികിത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പ്പാണ് സിദ്ധ മര്‍മ്മ തെറാപ്പി യൂണിറ്റുകള്‍. ആയുര്‍വേദത്തിലെ മര്‍മ ചികിത്സയെ പോലെ പ്രാധാന്യമുള്ളതാണ് ഇത്.  സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിദ്ധ മര്‍മ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. 

സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലി രോഗങ്ങള്‍, കായിക പരുക്കുകള്‍, ശസ്ത്രക്രിയാനന്തര പുനരധിവാസം എന്നിവയ്ക്ക് സിദ്ധ മര്‍മ്മ ചികിത്സ പ്രയോജനകരമാണ്. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ള ചികിത്സ സിദ്ധ മര്‍മ്മ തെറാപ്പി യൂണിറ്റുകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓങ്ങല്ലൂർ ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാല കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി രജീഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം