കാർഷിക മേഖലയിൽ വൻ മാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് കൂൺ ഗ്രാമം പദ്ധതിയെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് സമഗ്ര നവീകരണം, ഫാം ടൂറിസം പദ്ധതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നല്ല വരുമാനം ലഭിക്കുന്നതും സ്വദേശത്തും വിദേശത്തും വൻ വിപണന സാധ്യതയുള്ളതുമായ ഉൽപ്പന്നമാണ് കൂൺ. ഏറെ ഔഷധ ഗുണമുള്ള കൂൺ ഉല്പാദിപ്പിക്കുന്നതിന് മാത്രമല്ല കൂണിൽ നിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും ആവശ്യമായ പരിശീലനം ഈ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിൽ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി അഞ്ചുകോടി രൂപയുടെ വികസനമാണ് നടപ്പിലാക്കുന്നത്.
ജൈവകൃഷി പരിശീല യൂണിറ്റ് നിർമാണം, നടപ്പാത, ചെയിൻ ലിങ്ക് ഫെൻസിംഗ്, പോളി ഹൗസ് നിർമ്മാണം, സംയോജിത കൃഷി യൂണിറ്റ്, 13 ഏക്കർ സ്ഥലത്ത് കൃത്യത കൃഷി, കുഴൽക്കിണർ നിർമ്മാണം, ഔഷധസസ്യ ഗാർഡൻ, കുട്ടികൾക്കുള്ള പാർക്ക്, അലങ്കാര പുഷ്പങ്ങളുടെ കൃഷി, സ്മാർട്ട് കൃഷി പരിചയപ്പെടുത്തൽ,
വിവിധ കാർഷിക സെൻസറുകൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ, ഹൈടെക് ഫാമിംഗ് യൂണിറ്റ്, വിദേശ ഫലവൃക്ഷത്തോട്ടം എന്നിവയാണ് സെൻട്രൽ ഓർച്ചാർഡ് സമഗ്ര നവീകരണ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി വരുന്നത്.
പട്ടാമ്പി പിഷാരടീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖ പ്രസാദ് പദ്ധതി വിശദീകരണം നടത്തി. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ മണികണ്ഠൻ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രതി ഗോപാലകൃഷ്ണൻ, വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.രമണി, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഉണ്ണികൃഷ്ണൻ, മുതുമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ആനന്ദവല്ലി, പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഇസ്രായേൽ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ.ആശ, സെൻട്രൽ ഓർച്ചാർഡ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ടി. തോമസ് എന്നിവർ സംസാരിച്ചു.
