തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ തയ്യിലിന് ഡോ:അംബേദ്‌കർ പുരസ്‌കാരം.

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് പുരസ്‌കാരം തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സുഹറ തയ്യിലിന്.

സാമൂഹിക, സാംസ്‌കാരിക, വികസന പ്രവർത്തനത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്‌കാരം.

ഡിസംബർ 12, 13 തിയ്യതികളിൽ ഡൽഹി പഞ്ചശീല ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി ജനറൽ സെക്രട്ടറി ഡോ.എസ്.സുമനാക്ഷർ അറിയിച്ചു.

മലപ്പുറം വളാഞ്ചേരിയിൽ ജനിച്ച സുഹറ, വളാഞ്ചേരി ഗവ.യു.പി സ്കൂളിലെ പഠനത്തിന് ശേഷം  തിരുമിറ്റക്കോട് ചാത്തന്നൂർ ഹൈസ്കൂളിലായിരുന്നു തുടർ പഠനം.

പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ ഉപരിപഠനത്തിനു ശേഷം ജനറൽ നഴ്സിംഗ്  പഠനം. തുടർന്ന്  സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായി.

1995മുതൽ പൊതു പ്രവത്തന രംഗത്തേക്കിറങ്ങി.  2000 മുതൽ കുടുംബശ്രീ രംഗത്ത് സജീവ പ്രവർത്തനം. 2015ൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു. വാർഡ് 18 ൻ്റെ (വടക്കെ വെള്ളടിക്കുന്ന്)  പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പദവിയും കൈവന്നു.

2020ൽ വീണ്ടും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിക്കുകയും ചെയ്തു.

നെല്ലിക്കാട്ടിരി ഗ്രാമീണ വായനശാലയുടെ പ്രവർത്തകയും ഭരണ സമിതി അംഗവുമാണ്. കുടുംബശ്രീ മേഖലയിൽ 2000 മുതൽ പ്രവർത്തിച്ചു വരുന്നു. ചെയർപേഴ്സൺ,  വൈസ് ചെയർ പേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

2005ൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്തി കുടുംബശ്രീയുടെ ആശ്രയ പ്രവർത്തനം നടപ്പാക്കാൻ മുഖ്യ പങ്ക് വഹിച്ചു. 

കുടുംബശ്രീയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി 20 വനിതകൾക്ക് സ്വയം തൊഴിൽ സംവിധാനം നടപ്പാക്കി. സ്ത്രീകൾക്കുള്ള സാമ്പത്തിക ശാക്തീകരണത്തിലും സാമൂഹ്യ ശാക്തീകരണത്തിലും, ആരോഗ്യ രംഗത്തും പദ്ധതികൾ തയ്യാറാക്കി.

തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരി കേന്ദ്രീകരിച്ച് കുടുംബശ്രീ അംഗങ്ങളുടെ പ്രൊഡക്ഷൻ  യൂണിറ്റ് സ്ഥാപിക്കുന്നതിനും വിജയകരമായി ഈ സംരംഭത്തെ മുന്നോട്ട് നയിക്കാനും നേതൃത്വപരമായ പങ്ക് വഹിച്ചു. തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചു.

2018 ൽ മികച്ച സംരംഭകക്കുള്ള പാലക്കാട് യുവജന ക്ഷേമബോർഡ്‌  പുരസ്കാരം ലഭിച്ചു. 2024ൽ മികച്ച സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കുള്ള എൻ.ജി.ഒ അവാർഡും നേടി. 

മലപ്പുറം ജില്ലയിലെ  വളാഞ്ചേരി തയ്യിൽ വീട്ടിൽ പരേതരായ അബ്ദുൽ കാദർ - ബിയ്യുമ്മ ദമ്പതികളുടെ എട്ടാമത്തെ മകളാണ്.

ഭർത്താവ് : അബൂബക്കർ.  മക്കൾ : ഷാഫി അക്‌ബർ (ബിസിനസ് ), ഫസ്ന.

മരുമക്കൾ : യാസിറ (ടീച്ചർ), ഷെഫീഖ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം