പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ വിദ്യാർത്ഥിയും, ക്യാമ്പസിലെ ഫുട്ബാൾ ടീം അംഗവുമായിരുന്ന പരേതനായ വിഷ്ണുവിൻ്റെ ഓർമ്മകളുമായി കൂട്ടുകാർ കളിക്കളത്തിൽ ജഴ്സിയണിഞ്ഞു.
കോളേജിലെ ഫുട്ബോൾ ടീമിലേക്ക് ആദ്യപടിയായി സെലക്ഷൻ ലഭിച്ച നാല്പത്തിനാല് പേരിൽ വിഷ്ണുവുമുണ്ടായിരുന്നു.അറിയപ്പെടുന്ന ഒരു ഫുട്മ്പോൾ താരമാവണം എന്ന വിഷ്ണുവിൻ്റെ സ്വപ്നം റെയിൽപാളത്തിൽ പൊലിഞ്ഞു. ആ വിയോഗം കൂട്ടുകാർക്ക് വലിയ ആഘാതമായിരുന്നു.
ട്രയൽസുമായി ബന്ധപ്പെട്ട മത്സരത്തിന് ഇറങ്ങാൻ കോളേജ് ടീം തീരുമാനമെടുത്തപ്പോൾ അത് കൂട്ടുകാരനോടുള്ള ആദരവും സ്നേഹവും പ്രകടമാവുന്ന തരത്തിലാവണം എന്ന് അവർ ആഗ്രഹിച്ചു.
സംഭവം ശ്രദ്ധയിൽ പെട്ട സന്നദ്ധ സേവന സംഘടനയായ ചർക്ക ചെയർമാൻ റിയാസ് മുക്കോളി ടീമിന് ജഴ്സി വാഗ്ദാനം നൽകി.
മത്സരത്തിന് ഇറങ്ങുന്നതിൻ്റെ മുന്നോടിയായി ചർക്കയുടെ നേതൃത്വത്തിൽ ടീമിലെ നാല്പത്തി നാല് പേർക്കും വിഷ്ണു എന്ന് നാമകരണം ചെയ്ത ജഴ്സി വിതരണം ചെയ്തു.
പന്ത് തട്ടാനിറങ്ങിയവരെല്ലാം വിഷ്ണു എന്ന പേരിൽ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. കൂട്ടുകാരൻ്റെ ഓർമ്മയിൽ പന്തുതട്ടി അവർ സ്നേഹത്തിൻ്റെ പുതിയ അധ്യായം തുന്നിച്ചേർത്തു.
ചർക്ക ചെയർമാൻ ജഴ്സി വിതരണം ചെയ്തു. അമീൻ റാഷിദ്, ഹനീഫ പട്ടാമ്പി, ഷാഫി മരുതൂർ, എം.കെ മുഷ്താഖ്, ഷാഹിദ് പട്ടാമ്പി, ഷാക്കിർ കൊടലൂർ, മൻസൂർ പാലത്തിങ്ങൽ, ആഷിഖ് പട്ടാമ്പി, ആസിഫ്, കെ.യു. ഹംസ, ഫാത്തിമ ഫിദ, ഷബീബ് എന്നിവർ പങ്കെടുത്തു.
