കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; എല്ലാവരും സുരക്ഷിതർ

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ പുതിയ കെട്ടിടമായ സി. ബ്ലോക്കിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ 9.20നായിരുന്നു സംഭവം. കെട്ടിടത്തിൻ്റെ ഒമ്പതാം നിലയിൽ ടെറസിൽ നിന്നാണ് പുക ഉയർന്നത്.

വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കിയെങ്കിലും, കൃത്യമായ ഇടപെടലുകൾ വഴി വൻ ദുരന്തമാണ് ഒഴിവായത്. രോഗികളെയോ ജീവനക്കാരെയോ അപകടം ബാധിച്ചിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്നും ആളില്ലാത്ത സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നും അധികൃതർ അറിയിച്ചു.

തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്നും സമീപത്തെ വാർഡുകളിലേക്ക് പുക വ്യാപിച്ചിരുന്നുവെങ്കിലും ഫയർ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകൾ ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിൽ  തീയണച്ചു. സംഭവത്തെ തുടർന്ന് എട്ടാം നിലയിലെ രോഗികളെ മാറ്റി. 

തീപിടിത്തം നടന്ന ഭാഗം രോഗികളെ പ്രവേശിപ്പിക്കാത്ത എയർ കണ്ടീഷണർ (എ.സി) പ്ലാന്റ്റ് സ്ഥിതി ചെയ്യുന്ന സ്ഥലമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.  ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

പ്രാഥമിക ഘട്ടത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കി. മീഞ്ചന്ത, വെള്ളിമാട്‌കുന്ന്, ബീച്ച് സ്റ്റേഷനുകളിൽ നിന്നായി എട്ടോളം അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് ബേബി മെമോറിയൽ ആശുപത്രി അധികൃതരുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐ.സി.യു, വെൻ്റിലേറ്റർ ഒരുക്കാനുള്ള നിർദ്ദേശവും മന്ത്രി നൽകി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം