ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി യു.വിജീഷിനെയാണ് (35) പാലക്കാട് റെയിൽവേ പൊലീസ് പിടികൂടിയത്.
വ്യാഴം പുലർച്ചെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദിബ്രുഗഡ് വിവേക് എക്സ്‌പ്രസിലാണ് മോഷണം നടന്നത്. എറണാകുളത്തു നിന്ന് അസമിലേക്ക് പോകുന്ന ദുബ്രി സ്വദേശിയായ അതിഥി തൊഴിലാളി ഹാഫിസുൽ റഹ്മാൻ്റെ മൊബൈലാണ് മോഷ്ടിച്ചത്. തുടർന്ന് ഇയാൾ ആർ.പി.എഫിന് പരാതി നൽകി.
ഉടൻ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃശൂർ, എറണാകുളം ജില്ലകളിൽ പത്തോളം മോഷണ ക്കേസുകളിൽ പ്രതിയാണ് വിജീഷ്.
റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർമാരായ കെ.ജെ പ്രവീൺ, ജയശങ്കർ, എസ്.സി.പി.ഒമാരായ രജീഷ് മോഹൻദാസ്, ഫെബിൻ ജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Tags
Crime ക്രൈം
