നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി പരാജയ ഭീതി മൂലം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രവർത്തിക്കുകയാണെന്ന് ബി.ജെ.പി നേതാക്കൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നാല് ഘട്ടങ്ങളിലായി നടന്ന വോട്ടർ പട്ടിക ശുദ്ധീകരിക്കൽ പ്രക്രിയയിലും പേര് ചേർക്കലിലും ക്രമക്കേട് നടത്തിയാണ് അട്ടിമറിക്ക് ശ്രമിക്കുന്നത്. എല്ലാ വാർഡിലും കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടിക ഉണ്ടാവുന്നതിന് പാർടി ഓരോ സമയത്തും ഇടപെടൽ നടത്തിയിരുന്നു.
അന്തിമ പട്ടിക വരുന്നതിന് മുമ്പ് തന്നെ സ്ഥലത്തില്ലാത്തവരെ നീക്കം ചെയ്യാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് അത് തള്ളുകയാണ് ചെയ്തത്. 4,3,5,7,15 എന്നീ വാർഡുകളിലെ ഇരുനൂറിലേറെ അനധികൃത വോട്ടർമാരെ കണ്ടെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് വീണ്ടും പരാതി കൊടുത്തിരുന്നു.
എന്നാൽ ഹിയറിങ്ങിന് വിളിച്ചപ്പോൾ ആക്ഷേപം ഉന്നയിക്കപ്പെട്ട ഒരാളും ഹാജരായിരുന്നില്ല. പഞ്ചായത്ത് സെക്രട്ടറിയും അസി.സെക്രട്ടറിയും സി.പി.എം നേതാക്കളും ചേർന്നാണ് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ, ജില്ലാ കലക്ടർ, കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതിനെതിരെ നിയമ യുദ്ധവും സമരങ്ങളും നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
ബി.ജെ.പി നാഗലശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.പി സനൽ, തൃത്താല മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.വി മനോജ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കൃഷ്ണദാസ്, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് വി.ബി മുരളീധരൻ, അജേഷ് മാവുങ്കൽ എന്നിവർ പങ്കെടുത്തു.
