ദെൽഹി റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം ഇന്ന് രാത്രി 7 മണിയോടെയാണ് ഉഗ്രസ്ഫോടനം നടന്നത്.
ഒരു കാറിലുണ്ടായ സ്ഫോടനത്തെ തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പൊട്ടിത്തെറിച്ചു. ആദ്യം ഏഴ് ഫയർ യൂനിറ്റുകൾ സ്ഥലത്തെത്തി. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള ഒരു സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. മരിച്ചവരേയും പരിക്കേറ്റവരേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ദെൽഹിയെ മാത്രമല്ലാ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സ്ഫോടനമാണ് നടന്നത്. മർമ്മപ്രധാന കേന്ദ്രമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം ഭീകരാക്രമണമാണോ എന്നത് സംബന്ധിച്ച് തിരക്കിട്ട അന്വേഷണം ആരംഭിച്ചു. ശക്തമായ സ്ഫോടനത്തിൽ മുപ്പതോളം വാഹനങ്ങൾക്ക് തീപിടിക്കുകയും കെട്ടിടങ്ങളുടെ ജനൽ ചില്ലുകൾ തകരുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡൽഹി പോലീസിന്റെ കണക്കനുസരിച്ച് കുറഞ്ഞത് പത്ത് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡൽഹി പോലീസ് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
ഡൽഹി ഉൾപ്പെടെ രാജ്യത്തുടനീളം പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസ് പ്രദേശം വളഞ്ഞതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു.
സ്ഫോടനത്തിന്റെ ശക്തി വളരെ ശക്തമായിരുന്നു. ഒരുകി.മീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി പറയപ്പെടുന്നുണ്ട്.
