സംസ്ഥാനത്തുടനീളം എന്യൂമറേഷൻ ഫോമുമായി വീടുകയറുന്ന ബി.എൽ.ഒമാർ നേരിടുന്നത് നിരവധി പ്രതിസന്ധികൾ. വീടുപൂട്ടി ജോലിക്ക് പോകുന്നതുകൊണ്ട് പല വീടുകളിലും പകൽ ആളില്ലാത്തതാണ് പ്രധാന പ്രശ്നം. ഫോറം കൊടുത്താൽ പൂരിപ്പിക്കാൻ അറിയാത്തതും സംശയ നിവാരണത്തിന് കൂടുതൽ സമയം എടുക്കുന്നതും പ്രതിസന്ധിയാകുന്നുണ്ട്. രണ്ട് വോട്ടർ പട്ടികയും ഒരുമിച്ച് വന്നതുകൊണ്ടുള്ള ആശയക്കുഴപ്പവും മറ്റൊരു വെല്ലുവിളിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയും കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തയ്യാറാക്കുന്ന പട്ടികയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബി.എൽ.ഒമാർക്ക് പ്രത്യേകം സമയം കണ്ടെത്തേണ്ടി വരുന്നു. വീടു കയറുമ്പോൾ എന്യൂമറേഷൻ ഫോം അവർക്കൊപ്പം നിന്ന് പുരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും രേഖകൾ എടുത്തു വയ്ക്കാത്തതു കാരണം കൂടുതൽ സമയമെടുക്കുകയാണ്. അതിനാൽ ഫോം കൊടുത്തതിനു ശേഷം പിന്നീട് പോയി വാങ്ങുകയാണ് ബി.എൽ.ഒ മാർ ചെയ്യുന്നത്.
വോട്ടർമാർ ആവശ്യമായ രേഖകൾ എടുത്തു വയ്ക്കണമെന്നതാണ് ബി.എൽ.ഒമാരുടെ പ്രധാന അഭ്യർഥന. രേഖകൾ കണ്ടെത്തി വിവരം പൂരിപ്പിക്കുമ്പോഴേക്കും സമയം നഷ്‌ടമാകുന്നു. ഫോം നൽകി പോയ ശേഷം മറ്റൊരു ദിവസം ശേഖരിക്കുന്നതിനാൽ നടപടികൾ വൈകുന്നത് ജോലിഭാരം വർധിപ്പിക്കുന്നുണ്ട്.
സ്വന്തമായി ഫോറം പൂരിപ്പിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള വയോധികരും പറയുന്നു.
2002 ലെ പട്ടികയിൽ പേരുണ്ടോ എന്ന് കണ്ടെത്തുന്ന കാര്യത്തിലും വിദേശത്തുള്ള മക്കളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുമോ തുടങ്ങിയ കാര്യത്തിലും മറ്റും വോട്ടർമാർക്ക് നിരവധി സംശയങ്ങൾ നിലനിൽക്കുകയാണ്.
ഫോറം പൂരിപ്പിക്കാൻ സന്നദ്ധ സേവകരുടെ സഹായം ആവശ്യമാണെന്നും നാട്ടിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലാ പ്രവർത്തകരും ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ് ഭാരവാഹികളും ഹെൽപ്പ് ഡസ്ക് തുടങ്ങണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇതിൻ്റെ ഭാഗമായി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതു സംബന്ധിച്ച് പട്ടാമ്പി താലൂക്ക് ഓഫീസിൽ വളണ്ടിയർമാർക്ക് ഇന്ന് (തിങ്കൾ) 3.30ന് പരിശീലനം നൽകുന്നുണ്ട്.
SIR 2025 വോട്ടർമാരുടെ സംശയ നിവാരണത്തിനായി ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്ന പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളിലെ വളണ്ടിയർമാർക്കായി, ഫോം പൂരിപ്പിക്കൽ രീതി ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസ് നടത്തും.
