സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) 2026 ന്റെ ഭാഗമായി അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പോളിങ് സ്റ്റേഷന്‍ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
ഒരു പോളിംഗ് സ്റ്റേഷനില്‍ ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200 ആയി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനര്‍ നിര്‍ണ്ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ 1150ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ പുനര്‍ വിഭജിച്ച് പുതിയ ബൂത്തുകള്‍ രൂപീകരിക്കുവാന്‍ യോഗത്തില്‍ ധാരണയായി.
പാലക്കാട് ജില്ലയില്‍ ആകെ 2132 ബൂത്തുകളാണ് നിലവിലുള്ളത്. ഇതില്‍ 1150 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 936 ബൂത്തുകളിലെ വോട്ടര്‍മാരെ എണ്ണം കുറവുള്ള തൊട്ടടുത്തുള്ള ബൂത്തുകളിലേക്ക് പുനഃക്രമീകരിക്കും.
പുതിയ പോളിംഗ് സ്റ്റേഷന്‍ രൂപീകരണം അത്യന്താപേക്ഷിതമായ സ്ഥലങ്ങളില്‍ 399 ബൂത്തുകള്‍ രൂപീകരിക്കുന്നതിനും, സൗകര്യക്കുറവുണ്ടെന്നു കണ്ടെത്തിയ 59 ബൂത്തുകള്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഏകകണ്ഠമായി തീരുമാനിച്ചു.
2132 പോളിങ് ബൂത്തുകളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 399 പോളിങ് ബൂത്തുകളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
തൃത്താല -50, പട്ടാമ്പി- 50, ഷൊര്‍ണ്ണൂര്‍ - 16, ഒറ്റപ്പാലം - 27, കോങ്ങാട് - 21, മണ്ണാര്‍ക്കാട് - 38, മലമ്പുഴ - 28, പാലക്കാട് - 38, തരൂര്‍ - 30, ചിറ്റൂര്‍ - 39, നെന്മാറ- 36, ആലത്തൂര്‍ - 25 എന്നിങ്ങനെയാണ് ഓരോ നിയോജക മണ്ഡലത്തിലും പുതിയതായി രൂപീകരിക്കുന്ന പോളിങ് ബൂത്തുകള്‍. അതോടൊപ്പം ഒരോ ബൂത്തിലും വോട്ടര്‍മാരുടെ എണ്ണം 1150 ആയി നിജപ്പെടുത്തിയത് സമയലാഭത്തിന് സഹായകമാകുമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ വാങ്ങിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടി സഹകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു.
