കൊയിലാണ്ടി എം.എൽ.എയും സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ കാനത്തിൽ ജമീല (59) മരണപ്പെട്ടു.
അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് (ശനിയാഴ്‌ച) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
അർബുദ ബാധിതയായ ജമീല ഒമ്പതു മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.
തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ജമീല 2021 ലാണ് കൊയിലാണ്ടിയിൽ നിന്നും എം.എൽ.എയായത്. എൽ.ഐ.സി ഏജന്റായി പ്രവർത്തിക്കുന്ന കാലത്താണ് പൊതുരംഗത്ത് വന്നത്.
1995ൽ പഞ്ചായത്തിലേക്ക് മത്സരിച്ച അവർ തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി. 2000ൽ തലക്കുളത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. 2010ലും 2020ലും ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റാണ്.
കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി.കെ ആലിയുടേയും മറിയത്തിൻ്റെയും മകളാണ്. ഭർത്താവ്: കെ അബ്ദുറഹ്മാൻ.
മക്കൾ: ഐറിജ്റഹ്മാൻ (യു.എസ്.എ), അനൂജ സൈഹബ് (ന്യൂനപക്ഷ കോപ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു.
