തിരുവനന്തപുരം കേശവദാസപുരം മനോരമ കൊലക്കേസ് പ്രതി ബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവ്.

വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും പോലീസുകാരും അഭിഭാഷകരും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു. വീണ്ടും കോടതിയിൽ ഹാജരാക്കിയ ശേഷമാണ് വിധി പ്രസ്ഥാവിച്ചത്.

ജീവപര്യന്തം കഠിന തടവിനു പുറമെ 90,000 രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. കേസിൽ പ്രതി ആദം അലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2021 ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ കേസിൽ ബംഗാൾ സ്വദേശി ആദം അലി അറസ്റ്റിലാകുന്നത് 2022ലാണ്. കൊലപാതകത്തിനു ശേഷം തമ്പാനൂരിൽ നിന്ന് ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ ചെന്നൈയിൽ വച്ചാണ് പിടികൂടിയത്. മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.

ഭാരതീയ ന്യായ സംഹിത 362 വകുപ്പ് പ്രകാരം ജീവപര്യന്തവും 50,000 രൂപയും, 449 പ്രകാരം 10 വർഷം തടവും 10000 രൂപ പിഴയും, 393 പ്രകാരം ഏഴുവർഷം തടവും 10000 രൂപ പിഴയും, 397 പ്രകാരം ഏഴ് വർഷം തടവും 10000 രൂപ പിഴയും, 201 വകുപ്പ് പ്രകാരം ഏഴുവർഷം തടവും 10000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.

ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കാനിരിക്കെയാണ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. പോലീസും അഭിഭാഷകരും ചേർന്നാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 2022 ൽ പിടികൂടുമ്പോഴും പ്രതി ഇതുപോലെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. അന്ന് 21 വയസ്സായിരുന്നു പ്രതിയുടെ പ്രായം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം