കിഴക്കൻ ഡൽഹിയിലെ മാനസ സരോവർ പാർക്കിലെ ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) ഭവന സൊസൈറ്റിയുടെ വളപ്പിലുള്ള ക്ഷേത്രത്തിനുള്ളിലാണ് പുരോഹിതന്റെ ഭാര്യ കുസുമം ശർമ്മ (48) കൊല ചെയ്യപ്പെട്ടത്. തലയിലും കഴുത്തിലും മാരകമായ പരിക്കുകളുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചൽ സക്സേന എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ത്രീയ്ക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. കുസുമം ശർമ്മയുടെ തലയിൽ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ കുത്തേറ്റിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കുറ്റകൃത്യത്തിന് പിന്നിൽ ഒന്നിലേറെപ്പേരുണ്ടെന്നാണ് സൂചന. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമികമായി പൊലീസിന് ലഭിച്ച വിവരം. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് അറിയിച്ചു.
ക്ഷേത്രവുമായി ബന്ധപ്പെട്ട ദീർഘകാല സ്വത്ത് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പുരോഹിതൻ ശർമ്മയുടെ കുടുംബം പറഞ്ഞു. വർഷങ്ങളായി ഈ തർക്കം കോടതിയിൽ നിലനിൽക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊലപാതകം നടന്ന സമയത്ത് ഭർത്താവ് ശർമ്മ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പ് തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ശർമ്മയും പോലീസിനോട് പറഞ്ഞു.
മാനസ സരോവർ പാർക്കിലെ രാംനഗറിൽ താമസിക്കുന്ന ശർമ്മ, സൊസൈറ്റിയിലെ ഒരു താമസക്കാരന്റെ വീട്ടിൽ പൂജ നടത്താൻ പോകുന്നുവെന്ന് രാവിലെ 11.30ന് ഭാര്യയോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് അക്രമി സംഘം ക്ഷേത്രത്തിലെത്തി കുസുമം ശർമ്മയെ കുത്തിക്കൊലപ്പെടുത്തിയത്.
പ്രധാന പ്രതിയെന്ന് കരുതുന്ന അഞ്ചൽ സക്സേന എന്ന സ്ത്രീയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലാൻ ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ടെന്ന് ഡി.സി.പി പ്രശാന്ത് ഗൗതം പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
