പ്രമുഖ സാഹിത്യകാരൻ എം രാഘവൻ (95) മയ്യഴിയിൽ മരണപ്പെട്ടു. എഴുത്തുകാരൻ എം.മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരനാണ്. മയ്യഴി ഭാരതിയാർ റോഡിലെ മണിയമ്പത്ത് വീട്ടിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. സംസ്കാരം ഇന്ന് 3ന് മാഹി വാതക ശ്‌മശാനത്തിൽ.
ഫ്രഞ്ച് അധീന പ്രദേശമായ മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്‌ണന്റെയും കൊറുമ്പാത്തിയമ്മയുടെയും മൂത്ത മകനായി 1930ലാണ് ജനനം.
ഡൽഹി ഫ്രഞ്ച് എംബസിയിലെ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായിരുന്നു. 1983ൽ സ്വയം വിരമിച്ച് മയ്യഴിയിൽ തിരിച്ചെത്തിയ ശേഷം സാംസ്കാരിക പ്രവർത്തനത്തിലും എഴുത്തിലും സജീവമായി. മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റ് സാംസ്‌കാരിക വിഭാഗത്തിലും, ഡൽഹി ഫ്രഞ്ച് എംബസിയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രമായ അലിയാൻസ് ഫ്രാൻസെസിൻ്റെയും മലയാള കലാഗ്രാമം ഫിലിം സൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു. ഡൽഹിയിലെ മലയാളി സമാജത്തിനായി നാടകം എഴുതുകയും അഭിനയിക്കുകയും ചെയ്‌തിരുന്നു.
മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതിയിട്ടുണ്ട്. നനവ്, വധു, സെപ്‌തംബർ അകലെയല്ല, ഇനിയുമെത്ര കാതം, എം. രാഘവൻ്റെ സമ്പൂർണ കഥാസമാഹാരം എന്നീ ചെറുകഥാ സമാഹാരങ്ങളും നങ്കീര്, അമ്മ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ എന്നീ നോവലുകളും, കർക്കിടകം, ചതുരംഗം എന്നീ നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇളക്കങ്ങൾ എന്ന കഥ ചലച്ചിത്രമായിട്ടുണ്ട്.
ദോറയുടെ കഥ എന്ന പേരിൽ ഹെലൻ സിക്‌സുവിന്റെ ഫ്രഞ്ച് നാടകം വിവർത്തനം ചെയ്‌തു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പുതുച്ചേരി സർക്കാർ മലയാള രത്ന ബഹുമതി നൽകി ആദരിച്ചു.
2008ൽ നോവലിനുള്ള അബുദാബി ശക്തി അവാർഡ് 'ചിതറിയ ചിത്രങ്ങൾ'ക്ക് ലഭിച്ചു. 2008ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയും സമഗ്ര സംഭാവനാ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
എം.മുകുന്ദൻ എന്ന എഴുത്തുകാരനെയും ഫ്രഞ്ച് എംബസിയിലെ ഉന്നത ഉദ്യോഗസ്ഥനെയും സൃഷ്ടിക്കുന്നതിൽ ജ്യേഷ്‌ഠനായ എം.രാഘവൻ്റെ പങ്ക് വലുതായിരുന്നു.
ഭാര്യ: അംബുജാക്ഷി. മക്കൾ: ഡോ.പീയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ മൻവീൻ (പഞ്ചാബ്), പ്രഭ (ധർമടം). മറ്റു സഹോദരങ്ങൾ: മണിയമ്പത്ത് ശിവദാസ് (റിട്ട. ചീഫ് എൻജിനിയർ, ഭക്രാനംഗൽ),
എം.വിജയലക്ഷ്മി (ധർമടം), പരേതരായ മണിയമ്പത്ത് ബാലൻ (എൻജിനിയർ), കഥാകൃത്ത് എം.ശ്രീജയൻ (പെരിങ്ങാടി), എഴുത്തുകാരി കൗസല്യ, ദേവകി (മാഹി).
