പട്ടാമ്പി നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. ഷാജി വിജയിച്ചു. 13-ാം ഡിവിഷൻ കൗൺസിലറായ ടി.പി. ഷാജി 19 വോട്ടുകൾ നേടിയാണ് ചെയർമാൻ പദവിയിലെത്തിയത്. എതിർ സ്ഥാനാർത്ഥിയായ സി.പി.ഐ.എമ്മിലെ പി.വിജയകുമാർ 9 വോട്ടുകൾ നേടി.
13-ാം ഡിവിഷനിൽ നിന്നുള്ള ടി.പി. ഷാജിയെ, 11-ാം ഡിവിഷൻ കൗൺസിലർ പി.ഷാഹുൽ ഹമീദ് (മാനു) നിർദേശിക്കുകയും 25-ാം ഡിവിഷനിൽ നിന്നുള്ള സി. സംഗീത പിന്തുണയ്ക്കുകയും ചെയ്തു.
എൽ.ഡി.എഫ് വിജയിച്ച 28-ാം ഡിവിഷനിൽ നിന്നുള്ള പി.വിജയകുമാറിനെ, 26-ാം ഡിവിഷൻ കൗൺസിലർ സി.എസ്. സുരേഷ് നിർദേശിക്കുകയും 27-ാം ഡിവിഷനിൽ നിന്നുള്ള എം.എം വിജിത പിന്തുണയ്ക്കുകയും ചെയ്തു.
ആകെ പോൾ ചെയ്ത വോട്ടുകളിൽ ഭൂരിപക്ഷം നേടിയാണ് ടി.പി ഷാജി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി കൗൺസിലർ പി.ഗിരിജ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
വിജയിച്ച സ്ഥാനാർത്ഥിയെ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങളോടെ സ്വീകരിച്ചു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുമെന്ന് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ടി.പി ഷാജി പറഞ്ഞു. ഇന്ന് മൂന്ന് മണിക്ക് മേലെ പട്ടാമ്പിയിൽ സജ്ജമാക്കുന്ന വേദിയിൽ സത്യപ്രതിജ്ഞ നടക്കും.
