തൃത്താല ഹൈസ്കൂൾ 1980 SSLC ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ നിളയോരം '80 യുടെ അഞ്ചാം വാർഷിക സംഗമം ഡിസംബർ 28ന് സ്കൂളിൽ വച്ച് ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
150 ലേറെ അംഗങ്ങൾ കൂട്ടായ്മയിലുണ്ട്. അടുത്ത വർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇതോടൊന്നിച്ചു നടക്കും.
സൗഹൃദങ്ങളിലൂടെ കുട്ടിക്കാലത്തെ നിഷ്കളങ്ക സ്നേഹം അനുഭവിക്കാൻ മുതിർന്നതിനു ശേഷവും അവസരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കാണ് ഊന്നൽ.
ഇതിനു മുമ്പ് കൂട്ടായ്മയിലെ അംഗങ്ങൾ വിദേശ യാത്ര നടത്തി വൈറലായതിൻ്റെ ആവേശത്തിലാണ് ഇത്തവണ സംഗമം നടത്തുന്നത്.
ജീവിതത്തിൽ ഒരിക്കലും ഒരു വിമാനയാത്ര സ്വപ്നം കാണാൻ പോലും കഴിയാത്ത സഹപാഠികളിൽ ചിലരെ വിമാന യാത്രയ്ക്ക് സജ്ജരാക്കുക എന്നതാണ് ഈ വർഷത്തെ പ്രവർത്തനങ്ങളിൽ മുഖ്യമായിട്ടുള്ളത്.
ഗൃഹാതുരത്വമുണർത്തുന്ന ആയിരത്തിലധികം കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രശസ്തനായ കൈതപ്പൂവിന്റെ നാട്ടിലെ കഥാകാരൻ ലത്തീഫ് കൂടല്ലൂരിനെ ചടങ്ങിൽ ആദരിക്കും.
രാവിലെ 9 മണി മുതൽ നാലു മണിവരെ തൃത്താല ഹൈസ്കൂളിൽ ചേരുന്ന സംഗമത്തിൽ, കുട്ടിക്കാലത്ത് തങ്ങളുടെ സർഗ്ഗശേഷി വേദികളിൽ അവതരിപ്പിക്കാൻ അവസരം കിട്ടാതെ പോയവരും രംഗത്ത് തിളങ്ങിയവരും അവരുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികളായ യു.വിജയകൃഷ്ണൻ (പ്രസിഡൻ്റ്), പി.രാധാകൃഷ്ണൻ ആലുവീട്ടിൽ (സെക്രട്ടറി), വി.വി രഘുനന്ദൻ (ട്രഷറർ), എക്സിക്യൂട്ടീവ് അംഗം ടി.പി മൊയ്തീൻ കുട്ടി എന്നിവർ പറഞ്ഞു.
