ഏറെ നാളത്തെ അനിശ്ചിതത്വത്തിനു ശേഷം തൃത്താലയിൽ ഇന്ന് ചേർന്ന കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി യോഗം നറുക്കെടുപ്പിലൂടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയെ കണ്ടെത്തിയപ്പോൾ ജയം ജയന്തി വിജയകുമാറിന്.
ഇതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ ജയന്തി വിജയകുമാറും വൈസ് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കെ.സുജാതയും തൃത്താലയെ നയിക്കും.
കാൽ നൂറ്റാണ്ടിനുശേഷം ചെങ്കോട്ട കീഴടക്കിയ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ഏറെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഇന്നലെ കോൺഗ്രസ് കോർ കമ്മിറ്റി യോഗം ചേർന്ന് ജയന്തി വിജയകുമാറിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തു എന്ന വിവരം ബന്ധപ്പെട്ട നേതാക്കൾ മാധ്യമപ്രവർത്തകർക്ക് നൽകിയിരുന്നു. ഇക്കാര്യം ഏതാനും ഓൺലൈൻ മാധ്യമങ്ങളിൽ (സ്വ.ലേ യിലല്ല) വാർത്ത വന്ന ഉടൻ തന്നെ പ്രസ്തുത വാർത്ത ശരിയല്ലെന്നും പാർലിമെൻ്ററി പാർട്ടി യോഗം ഇന്നാണെന്നും മണ്ഡലം പ്രസിഡണ്ട് വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്ക് നൽകി. ഇതോടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാർത്ത പിൻവലിക്കപ്പെട്ടു.
എന്നാൽ ഇന്ന് 3 മണിക്ക് നടന്ന പാർലിമെൻ്ററി പാർട്ടി യോഗത്തിൽ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏകകണ്ഠേന ഒരാളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല.
17-ാം വാർഡിൽ നിന്ന് മൂന്നാം തവണയും വിജയിച്ച ജയന്തി വിജയകുമാറിനെതിരെ, 14-ാം വാർഡിൽ നിന്ന് കന്നിയങ്കത്തിലൂടെ വിജയിച്ച അനീസ് മാട്ടായ മത്സരിച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. ഇരുവർക്കും അഞ്ച് വോട്ടുകൾ വീതം ലഭിച്ചതോടെ നറുക്കെടുപ്പും വേണ്ടി വന്നു. നറുക്കെടുപ്പിൽ ജയന്തി വിജയകുമാർ വിജയശ്രീലാളിതയായി. തുടക്കം മുതൽക്കേ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇരുവരുടേയും പേരുകൾ തന്നെയാണ് ഉയർന്നുവന്നത്.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ എന്നിവർ പ്രത്യേക നിരീക്ഷകരായി പാർലിമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു.
മേഴത്തൂർ സൗത്ത് വാർഡിൽ നിന്ന് 360 വോട്ട് ലീഡ് നേടിയാണ് മൂന്നാമങ്കത്തിൽ ജയന്തി വിജയകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. 25 വർഷത്തിന് ശേഷമാണ് തൃത്താല ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിക്കുന്നത്. ആകെയുള്ള 19 വാർഡുകളിൽ യു.ഡി.എഫിന് 13 പേരും എൽ.ഡി.എഫിന് 6 പേരും ആണ് ഉള്ളത്. അംഗങ്ങളിൽ 10 പേർ കോൺഗ്രസും, 3 പേർ മുസ്‌ലിം ലീഗ് അംഗങ്ങളുമാണ്. 6 പേർ സി.പി.എം അംഗങ്ങൾ ആണ്.
രണ്ടാം വാർഡായ തൃത്താല സൗത്തിൽ മത്സരിച്ച മുസ്ലിം ലീഗിലെ കെ.സുജാത 595 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് സുജാതയും വിജയിക്കുന്നത്. ഉപാധ്യക്ഷ പദവി വനിതാ സംവരണമായതിനാൽ കെ.സുജാതയെ വൈസ് ചെയർപേഴ്സനായി മുസ്ലീം ലീഗ് നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു.
ശനിയാഴ്ച നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സ്ത്രീ ശാക്തീകരണം അരക്കിട്ടുറപ്പിച്ച് ഇവർ തൃത്താലയെ നയിക്കുമെന്ന് പ്രതീക്ഷിക്കാം.
