യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
രാഹുലിന്റെ ആവശ്യ പ്രകാരം, ഇന്നലെ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. തുടർന്ന് തുടർവാദം കേൾക്കാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് തുടർവാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതി ചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തുടർ വാദത്തിന് മുന്നോടിയായി പ്രോസിക്യൂഷൻ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കി. യുവതിയുമായി രാഹുൽ
നടത്തിയ വാട്സാപ്പ് ചാറ്റിന്റെ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചെന്നാണ് വിവരം.
നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. പൊലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. കൂടാതെ മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ട്.
കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി. യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളി വിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. എന്നാൽ അതിജീവിതയെ ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തുന്ന വാട്‌സാപ്പ് ചാറ്റുകളാണ് പ്രോസിക്യൂഷൻ നൽകിയത്. കോടതി അനുമതിയോടെ കൂടുതൽ വാട്‌സാപ്പ് ചാറ്റുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ആദ്യം പ്രതിഭാഗത്തിന്റെ വാദം കോടതി കേട്ടു. തുടർന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കോടതി പരിശോധിച്ചു. ഇതിനു ശേഷമാണ് വിധി പുറപ്പെടുവിച്ചത്.
മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും കോടതി തള്ളി. ബുധൻ, വ്യാഴം ദിവസങ്ങളിലായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു വാദം.
മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള സ്ത്രീ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്‌തത്. നിലവിലുള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ അന്വേഷിക്കും.
