ക്രിസ്മസ് അവധി നാളുകളിൽ ഓർത്തുവയ്ക്കാൻ കുട്ടികളുടെ തുള്ളാട്ടം. സോഷ്യൽ മീഡിയ അത് ഏറ്റെടുത്ത് വൈറലാക്കി. ചാലിശ്ശേരി പെരുമണ്ണൂർ ഗവ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരുടെ ‘വൈറൽ’ ഡാൻസ് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.
ഒന്നിനൊന്ന് മെച്ചപ്പെട്ട ചുവടുകളോടെയാണ് കുട്ടികൾ ആടിപ്പാടിയത്. കാണികളെ അമ്പരപ്പിക്കുന്ന വേഗതയും ഈ കൊച്ചു മിടുക്കികളുടെ പ്രകടനത്തെ ശ്രദ്ധേയമാക്കി. ക്ലാസ് മുറിയാണ് നൃത്ത മണ്ഡപമാക്കിയത്. കുട്ടികളുടെ തനതായ ശൈലിയിലുള്ള ചടുലമായ നീക്കങ്ങൾ കണ്ട് ക്ലാസ് ടീച്ചർ തന്നെയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. അധ്യാപിക പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ പറന്നു നടന്നു.
കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും പ്രസരിപ്പും നിറഞ്ഞ ഈ നൃത്തം ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. 'ഇതാണ് യഥാർത്ഥ സ്കൂൾ കാലഘട്ടം' എന്നും 'കുട്ടികളുടെ ഊർജ്ജം അപാരം' എന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പെരുമണ്ണൂർ ജി.എൽ.പി സ്കൂളിലെ അധ്യാപകർക്കും അഭിനന്ദന പ്രവാഹമാണ്.