സംസ്ഥാനത്ത് ഏഴ് തെക്കൻ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പല ജില്ലകളിലും വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) പണിമുടക്കിയെന്ന് റിപ്പോർട്ട്.
ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി ബൂത്തുകളിൽ യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് തുടങ്ങാൻ വൈകി.
തിരുവനന്തപുരത്ത് പൊന്മുടി യു.പി.സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലും ആറ്റിങ്ങൽ പരവൂർക്കോണം സ്കൂളിലും ഇ.വി.എം തകരാറിലായി. കാട്ടാക്കട, തേരിവിള, അരുവിക്കര വെമ്പന്നൂർ വാർഡുകളിലെ ബൂത്തുകളിലും, പള്ളിക്കൽ പുള്ളിപ്പാറ ഒന്നാം ബൂത്തിലും വോട്ടിങ് മെഷീനുകൾ തകരാറിലായി. ഇതിനെ തുടർന്ന് വോട്ടെടുപ്പ് വൈകി.
കോട്ടയത്ത് വെള്ളൂർ പഞ്ചായത്തിലെ 12, 17 വാർഡുകളിലും, അയ്‌മനം മൂന്നാം വാർഡിലെ ബൂത്തിലും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. കൊല്ലം കോർപ്പറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിലും വോട്ടിങ് മെഷീൻ തകരാറിലായി.
പത്തനംതിട്ടയിൽ തിരുവല്ല നിരണം എരതോട് ബൂത്തിലും മലയാലപ്പുഴ പഞ്ചായത്ത് 14-ാം വാർഡിലും യന്ത്രത്തകരാർ ഉണ്ടായി. ഇടുക്കി വണ്ടിപെരിയാർ പഞ്ചായത്തിലെ 13-ാം വാർഡ് ബൂത്ത് ഒന്നിലും തങ്കമലയിലും, നെടുങ്കണ്ടം പഞ്ചായത്ത് 14-ാം വാർഡ് തൂക്കുപാലം എസ്.എൻ.ഡി.പി ഹാൾ ബൂത്തിലും യന്ത്രം പണിമുടക്കി.
കൊല്ലം പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷൻ്റെ വോട്ടിങ് മെഷീൻ മാറിയെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. പട്ടാഴി പാണ്ടിത്തിട ഗവ. എൽ.പി. സ്കൂളിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീന് പകരം തലവൂർ ഡിവിഷന്റെ മെഷീനാണ് എത്തിച്ചത്.
കോർപ്പറേഷൻ വാർഡായ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന കോട്ടപ്പുറം അഞ്ജു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഈ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇതോടെ വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും രാത്രിയോടെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി.
സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് തിങ്കളാഴ്ച വൈകിട്ട് 6.50 ഓടെയായിരുന്നു മരിച്ചത്. ഇതേ തുടർന്ന് കോർപ്പറേഷന്റെ വാർഡ് 66- ലെ തിരഞ്ഞെടുപ്പ് കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായി വരണാധികാരി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
