തൃശൂർ ജില്ലയിൽ രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങുന്നു.

തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് രണ്ടിടത്ത് ഹെറിറ്റേജ് ടൂറിസം കേന്ദ്രങ്ങൾ ഒരുക്കുന്നത്. വരന്തരപ്പിള്ളി പഞ്ചായത്തിലെ ഇഞ്ചക്കുണ്ടിലെ മുനിയാട്ടുകുന്നിലും, മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിലുമാണ്  സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ടൂറിസം കേന്ദ്രങ്ങൾ ഒരുക്കുന്നത്. രണ്ടിടത്തേക്കും എത്താൻ അടിവാരത്ത് വാഹനം നിർത്തി ഒന്നര കിലോമീറ്ററോളം പാറക്കൂട്ടങ്ങൾ നിറഞ്ഞ വഴിയിലൂടെ നടക്കണം. മുനിയറകൾ ഏറെയുള്ള മുനിയാട്ടുകുന്ന് ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്. സാഹസികമായി കുന്നും മലയും കയറി ചെന്നാൽ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാം.

തൃശ്ശൂർ ടൗണിൽ നിന്ന്  മുനിയാട്ടുകുന്നിലേക്ക് 26 കിലോമീറ്റർ ദൂരമുണ്ട്. ടൗണിൽ നിന്ന് ഇഞ്ചക്കുണ്ട് വരെയാണ് ബസ് സർവീസ്. അതു കഴിഞ്ഞ് മൂന്ന് കിലോമീറ്റർ ദൂരം ജീപ്പിലോ ബൈക്കിലോ പോയാൽ അടിവാരത്തെത്താം. തുടർന്ന് ട്രെക്കിങ് നടത്താം.

ട്രെക്കിങ് കഴിഞ്ഞ് മുനിയാട്ടുകുന്നിൽ എത്തിയാൽ കിഴക്കുഭാഗത്ത് പീച്ചി, ചിമ്മിണി, വാഴച്ചാൽ എന്നിവയുടെയും പടിഞ്ഞാറു ഭാഗത്ത് ഗ്രാമങ്ങളുടെയും കോൾപ്പാടങ്ങളുടെയുമെല്ലാം മനോഹര കാഴ്ചകൾ ആസ്വദിക്കാം. വടക്കു പടിഞ്ഞാറു ഭാഗത്ത് തൃശ്ശൂർ നഗരവും കാണാം.

തൃശൂർ ടൗണിൽ നിന്ന് കുഞ്ഞാലിപ്പാറയിലേക്ക് 29 കിലോമീറ്റർ ദൂരമുണ്ട്. കൊടകര- വെള്ളിക്കുളങ്ങര റൂട്ടിൽ മൂന്നുമുറി വരെ ബസ് കിട്ടും. അവിടെ നിന്ന്  മറ്റു വാഹനങ്ങളെ ആശ്രയിക്കണം. പാറക്കെട്ടുകളിലെ വഴുക്കൽ മൂലമുള്ള അപകടം ഒഴിവാക്കാൻ സഞ്ചാരികൾ ജാഗ്രത പാലിക്കണം.

കുഞ്ഞാലിപ്പാറയിലും പ്രകൃതി മനോഹരമായ കാഴ്ചകൾ തന്നയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ കനകമലയുടെ പ്രകൃതി സൗന്ദര്യവും ആസ്വദിക്കാം. ചാലക്കുടി ടൗണും കാണാം.

പ്രവേശന കവാടം, നടപ്പാത, വ്യൂ പോയിന്റ്, കഫ്റ്റേരിയ, നടപ്പാലം, ഇരിപ്പിടങ്ങൾ, ശൗചാലയം, ഗ്ലാസ് ബ്രിഡ്ജ്, സ്കൈ റൈഡ്, സിപ്പ് ലൈൻ തുടങ്ങിയ സൗകര്യങ്ങൾ രണ്ടിടങ്ങളിലുമായി സജ്ജീകരിക്കും. കൂടാതെ നിരീക്ഷണ ക്യാമറകളുമുണ്ടാകും. പ്രവേശന ഭാഗത്ത് സഞ്ചാരികൾക്ക് വാഹനം നിർത്തിയിടുന്നതിന് ആവശ്യമായ സൗകര്യമൊരുക്കും.  ടൂറിസം കേന്ദ്രം ഒരുക്കാൻ രണ്ടു കോടി രൂപയുടെ വിശദ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം