വിദ്യാഭ്യാസം, നൈപുണ്യ വികസനം, മാനസികാരോഗ്യം എന്നിവയ്ക്ക് മുൻതൂക്കം നൽകി പട്ടാമ്പിയെ 'ലേണിംഗ് മണ്ഡല'മായി ഉയർത്തുന്നതുൾപ്പെടെയുള്ള ഇരുപത് പദ്ധതികൾ സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
മൂന്ന് സുപ്രധാന പദ്ധതികൾക്ക് 20% തുക (12 കോടി) ബജറ്റിൽ വകയിരുത്തി ഭരണാനുമതി നൽകിയിട്ടുണ്ട്. പട്ടാമ്പിയുടെ മുഖച്ഛായ മാറ്റാൻ ഐ.ടി പാർക്ക്, ഫ്ലൈ ഓവറുകൾ, സാംസ്കാരിക സമുച്ചയം എന്നിവയുമുണ്ട്. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 411 കോടി 45 ലക്ഷം രൂപയുടെ 20 പദ്ധതികൾക്കാണ് ബജറ്റിൽ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം പട്ടാമ്പിയെ ഒരു 'ലേണിംഗ് മണ്ഡലമായി' (Learning Constituency) ഉയർത്തുന്ന പദ്ധതികൾക്കാണ് ഇത്തവണത്തെ ബജറ്റിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നതെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെൻ്റർ നിർമ്മിക്കാൻ അഞ്ച് കോടി. തൊഴിൽ വകുപ്പിനു കീഴിൽ വനിതാ നൈപുണ്യ ഇന്നവേഷൻ & സംരംഭക പാർക്ക് സ്ഥാപിക്കാൻ അഞ്ച് കോടി. സംസ്ഥാനത്ത് ആദ്യമായി ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന മാനസമിത്ര എന്ന മാനസികാരോഗ്യ പദ്ധതി യാഥാർത്ഥ്യമാക്കാൻ രണ്ട് കോടി.
ഇവ കൂടാതെ ബജറ്റിൽ ഇടംപിടിച്ച മറ്റ് വമ്പൻ പദ്ധതികൾ ഇവയാണ്.
പട്ടാമ്പിയുടെ തൊഴിൽ ഭൂപടം മാറ്റാനുതകുന്ന ഐ.ടി & നോളജ് പാർക്ക് (65 കോടി), പട്ടാമ്പി ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി പട്ടാമ്പി- ഷൊർണൂർ- പെരിന്തൽമണ്ണ റോഡുകളെ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ ബൈപാസ് (75 കോടി), കൊപ്പത്ത് ബൈപാസ് റിംഗ് റോഡും ഫ്ലൈ ഓവറും (65 കോടി), തിരുവേഗപ്പുറ പാലം & റോഡ് നവീകരണം (40 കോടി).
പട്ടാമ്പി ടൗൺ ഹാൾ, എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ ഓർമ്മക്കായി എം.ടി തിയേറ്റർ കോംപ്ലക്സ്, ഹിസ്റ്റോറിക്കൽ ആർക്കൈവ്സ്, ആർട്ട് ഗാലറി എന്നിവയടങ്ങുന്ന സാംസ്കാരിക സമുച്ചയം (30 കോടി). കൃഷി & ടൂറിസം: രാമഗിരി കോട്ട- നിളാനദി- രായിരനെല്ലൂർ മല എന്നിവയെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് (10 കോടി), കുലുക്കല്ലൂർ ആനക്കൽ ടൂറിസം (15 കോടി), വിളയൂർ തടയണ (20 കോടി), കാർഷിക വിപണന- മൂല്യവർദ്ധിത കേന്ദ്രം (5 കോടി). വയോജനങ്ങൾക്കായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് & ലാബ് (2 കോടി), പട്ടാമ്പിയിൽ നോർക്ക (NORCA) സബ് സെൻ്റർ (2 കോടി).
കൂടാതെ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനും, 7 പഞ്ചായത്തുകളിലായി കളിസ്ഥലങ്ങളുടെ നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
ഓങ്ങല്ലൂർ മരുതൂർ ആമയൂർ റോഡ്, കരിമ്പുള്ളി -ആമയൂര്‍ റോഡ്, കൊണ്ടൂര്‍ക്കര, കൊള്ളിപറമ്പ് ഫാം റോഡ്, ബി.എം.ബി.സി നിലവാരത്തില്‍ ഉയർത്താൻ (25 കോടി), കൊപ്പം ബൈ പാസ് റിംഗ് റോഡും, ഫ്ലൈ ഓവര്‍, കൊപ്പം – പേങ്ങാട്ടിരി റോഡ് വീതി കൂട്ടിയുള്ള നവീകരണവും (65 കോടി) മുതുതല, വല്ലപ്പുഴ, തൃത്താല കൊപ്പം ടൌണുകളുടെ നവീകരണം (15 കോടി), തിരുവേഗപ്പുറ പാലവും, തിരുവേഗപ്പുറ കൊപ്പം റോഡ്, തിരുവേഗപ്പുറ അഞ്ചുമൂല റോഡ് ബി.എം.ബി.സിയും (40 കോടി).
പട്ടാമ്പി താലൂക്ക് ആശുപത്രി - ആലിക്കപറമ്പ് - കോഴിക്കോട്ടിരി- പറക്കാട് - അൻസാർ നഗർ - മുത്തശ്ശിയാർ കാവ് ബ്രിട്ടീഷ് വിളത്തുർ റോഡ് നിർമ്മാണം (25 കോടി), വാടാനാംകുറിശ്ശി -വല്ലപ്പുഴ, ചൂരക്കോട് -വാടാനാംകുറിശ്ശി , വാടാനാംകുറിശ്ശി - അങ്ങാടി കാവ്- പട്ടാമ്പി- വല്ലപ്പുഴ റോഡ് നിർമ്മാണം -(20 കോടി), കൊപ്പം പുലാശ്ശേരി- അഭയം - എടപ്പലം എസ്.ജി നഗർ - കണിയറാവ് - പേരടിയൂർ - ഉരുണിയo പുലാക്കൽ- തുടിക്കൽ മുക്കിലപ്പീടിക - കളരിക്കൽ ക്ഷേത്രം - പാലൊളി കുളമ്പ് പാലം റോഡ് നിർമ്മാണം (25 കോടി).
പട്ടാമ്പിയുടെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള, സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന ബജറ്റാണിത്. റോഡും പാലങ്ങളും മാത്രമല്ല, വരും തലമുറയ്ക്ക് ഗുണകരമാകുന്ന രീതിയിൽ പട്ടാമ്പിയെ ഒരു 'ലേണിംഗ് മണ്ഡലമായി' മാറ്റുന്നതിനാണ് മുൻഗണന നൽകുന്നത്. അനുമതി ലഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു.
Summary :
MLA Muhammad Muhsin announced that 20 major projects worth Rs 411 crore have been approved for Pattambi in the state budget.
He said that twenty projects, including the promotion of Pattambi as a 'learning mandala' by prioritizing education, skill development and mental health, have been included in the state budget and that these are projects that will change the face of Pattambi.
