രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു അസംബ്ലി മണ്ഡലത്തെ വൈജ്ഞാനിക നിയോജക മണ്ഡലമാക്കി (ലേർണിംഗ് കോൺസ്റ്റിറ്റ്യുവൻസി) മാറ്റുന്നതിനതിൻ്റെ ഭാഗമായി മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 13ന് പട്ടാമ്പിയിൽ യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു.
മണ്ഡലത്തിലെ യുവജനതയെ നവവിദ്യാഭ്യാസം നൽകി ശാക്തീകരിക്കാനും, നൈപുണ്യ വികസനം വിദ്യാഭ്യാസം, എന്നിവയിൽ ഊന്നൽ നൽകികൊണ്ട് പട്ടാമ്പിയെ വൈജ്ഞാനിക നിയോജക മണ്ഡലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റിൽ പങ്കെടുത്തവരിൽ 69 ശതമാനം പേരുടെ സുപ്രധാന ആവശ്യമായിരുന്നു പ്രാപ്യവും നിലവാരമുള്ള മാനസികാരോഗ്യ പരിരക്ഷ.
ഈ പശ്ചാത്തലത്തിലാണ് മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പട്ടാമ്പി മണ്ഡലത്തിൽ സമഗ്ര മാനസികാരോഗ്യ പദ്ധതിയായ മാനസമിത്ര നടപ്പാക്കുന്നത്.
യുവജനങ്ങൾ നേരിടുന്ന വർധിച്ചുവരുന്ന മാനസിക വെല്ലുവിളികൾ, അക്കാദമിക് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, മനോവൈകല്യങ്ങൾ, സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം കാരണമുണ്ടാകുന്ന ഡിജിറ്റൽ അഡിക്ഷൻ, ലഹരി മുതലായ പ്രശ്നങ്ങൾ അനുഭവിക്കുന്ന യുവജനങ്ങളെയും വിദ്യാർത്ഥികളെയും പിന്തുണക്കുന്ന ശാസ്ത്രീയവും സമകാലീനവുമായ ഒരു സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് മുഹസിൻ എം.എൽ.എ കേരള നിയമസഭയിൽ സംസാരിച്ചു.
2024 നവംബർ 25ന് ചേർന്ന 16-മത് സ്കോൾ കേരള ജനറൽ കൗൺസിൽ യോഗത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കാൻ കഴിയുന്ന സന്നദ്ധ സംഘടനകളുടെയും നാഷണൽ സർവ്വീസ് സ്‌കീം പോലുളള ഏജൻസികളുടെയും, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.സി.ഇ.ആർ.ടി, സ്കോൾ- കേരള ഉൾപ്പെടെയുള്ള ഏജൻസികളുടെയും സഹകരണത്തോടെ കുട്ടികളുടെ ആത്മഹത്യാപ്രവണത ഉൾപ്പെടെയുള്ള മാനസിക വൈകാരിക പ്രശ്‌നങ്ങൾ അതിജീവിക്കുന്നതിനാവശ്യമായ ഒരു കർമ്മ പദ്ധതി സർക്കാർ നടപ്പാക്കുമെന്നും ഇതിലേക്ക് സമഗ്രമായ ഒരു പ്രൊപ്പോസൽ തയ്യാറാക്കി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിക്കാൻ എം.എൽ.എ മുൻകൈ എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി നിർദ്ദേശിച്ചിരുന്നു.
ഇതെ തുടർന്ന്, 2024 ഡിസംബർ 2ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ഇംഹാൻസ് കോഴിക്കോട് ഡയറക്ടർ ഡോ. കൃഷ്ണകുമാർ അടങ്ങുന്ന ഇംഹാൻസിലെ വിദഗ്ധ സംഘവുമായി കോഴിക്കോട് ഇംഹാൻസിൽ വെച്ച് വിശദമായ ചർച്ച നടത്തി. തുടർന്ന് സ്‌കോൾ കേരളയുമായി സഹകരിച്ച് 2025 ഏപ്രിൽ 29 (ചൊവ്വാഴ്ച) മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസമന്ത്രി 'വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത മാനസമിത്രയുടെ ഏകദിന ശിൽപശാലയിൽ സംസ്ഥാനത്തെ പ്രമുഖ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, ഡോക്ടർമാർ, വിദ്യാഭ്യാസ വിദഗ്ധർ, സ്കോൾ കേരള ഉദ്യോഗസ്ഥർ എന്നിവർ ഇംഹാൻസ് കോഴിക്കോട് മുൻ ഡയറക്ടർ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അംഗീകരിച്ച മാനസമിത്രയുടെ സിലബസ്സിന്റെ വിശകലനം നടത്തി. ഈ സിലബസ്സിൻ്റെ അടിസ്ഥാനത്തിലാണ് മാനസമിത്രയുടെ സൗജന്യ ട്രെയിനിങ് ഓഫ് ട്രെയിനേഴ്സിൻ്റെ ശില്പശാല 2025 ആഗസ്റ്റ് 27, 28 തീയതികളിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
അധ്യാപക ശാക്തീകരണം (Teacher Empowerment), രക്ഷിതാക്കളുടെ ബോധവൽക്കരണം (Parent Awareness), വിദ്യാർത്ഥികളുടെ ശാക്തീകരണം (Student Empowerment) എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്കോൾ കേരളയുമായി സഹകരിച്ച് നടത്തിയ മാനസമിത്രയുടെ സമ്പൂർണ്ണ ഡോക്യുമെന്റ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക്, മുഹമ്മദ് മുഹ്സിൻ എം.എൽ.എ നേരിട്ട് സമർപ്പിച്ചു. സ്കോൾ കേരള ഡയറക്ടർ ഡോ.ജിനേഷ് പങ്കെടുത്തു.
സ്കൂൾ തലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാൻ കഴിയുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ആശയരൂപരേഖ, ഇംഹാൻസ് കോഴിക്കോട് വിശകലനം ചെയ്ത സിലബസ്, രണ്ടുദിവസത്തെ മാനസികാരോഗ്യ ശിൽപശാല നടത്തുന്നതിനുള്ള വിശദമായ സിലബസ്, ആറ് മാസത്തെ മാനസികാരോഗ്യ കോഴ്സ് നടത്തുന്നതിനുള്ള മോഡ്യൂൾ, യൂത്ത് സമ്മിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗവേഷണ ഡോക്യുമെൻ്റ്, ഈ കാലയളവിലെ ചിത്രങ്ങളും രേഖകളും ഉൾക്കൊള്ളുന്നതാണ് മാനസമിത്രയുടെ സമ്പൂർണ്ണ ഡോക്യുമെന്റ്.
പട്ടാമ്പിയിൽ വിജയകരമായി തുടക്കമിട്ട ഈ മാതൃക സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുള്ള സാധ്യതകളാണ് തുറക്കപ്പെടുന്നത്.
Summary:
The complete report of the comprehensive mental health project launched by MLA Muhammad Muhasin was submitted to Education Minister Sivankutty.
