വള്ളുവനാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ പരമ്പരാഗത ചടങ്ങുകളോടെ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു.
പട്ടാമ്പി നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിലും ചെർപ്ലശ്ശേരി പുത്തനാൽക്കൽ ക്ഷേത്രത്തിലും കൂറ്റനാട് എളവാതുക്കൽ ക്ഷേത്രത്തിലും ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രത്തിലും നൂറുകണക്കിന് ഭക്തർ മകരച്ചൊവ്വ ആഘോഷങ്ങളിൽ പങ്കെടുത്തു.
നെടുങ്ങനാട്ട് മുത്തശ്ശിയാർക്കാവിൽ നടന്ന തിരുപുറത്ത് നിവേദ്യ ചടങ്ങുകളിൽ ആയിരത്തിൽപരം ഭക്തജനങ്ങൾ നിവേദ്യം ഒരുക്കി. മുൻ ശബരിമല ആറ്റുകാൽ ക്ഷേത്രങ്ങളിലെ മേൽശാന്തി പൂന്തോട്ടം നാരായണൻ നമ്പൂതിരി, ആറ്റുകാൽ ദേവീക്ഷേത്രം സഹമേൽശാന്തി നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് ആദ്യ അടുപ്പിലേക്ക് അഗ്നി പകർന്നു.
തുടർന്നു നടന്ന മാതൃവന്ദനം ചടങ്ങിൽ പിന്നണി ഗായിക പ്രൊ.ലതിക വിശിഷ്ട അതിഥിയായി. മാതൃവന്ദനത്തിനു ശേഷം നടന്ന സാംസ്കാരിക സദസ്സ്, ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ആഘോഷ കമ്മിറ്റി പ്രസിഡന്റ് എൻ.കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
വിശിഷ്ടാതിഥികളായി എത്തിയവരെ ക്ഷേത്രം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി പി. ഗോപാലകൃഷ്ണൻ, ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി സി.രാവുണ്ണികുട്ടി,
സമിതി പ്രസിഡണ്ട് വി.വി. രവീന്ദ്രനാഥ്, സെക്രട്ടറി എം. രമേഷ് ബാബു, എം. രാമദാസ്, കെ.വിലാസിനി അമ്മ, സി.ശ്രീമതി, വെളിച്ചപ്പാട് എം. അനിൽകുമാർ, ഇ.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭക്തി ഗാന സുധയും, പ്രസാദ ഊട്ടും നടന്നു.
കൂറ്റനാട് എളവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മേൽശാന്തി ഗോവിന്ദ ഭട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വിപുലമായി കൊണ്ടാടി. വിശേഷാൽ പൂജകൾ, ദേവിക്ക് പൊങ്കാല അർപ്പിക്കൽ എന്നിവ ഉണ്ടായിരുന്നു.
വിശേഷാൽ പൂജകൾക്ക് ശേഷം സ്ഥലശുദ്ധി വരുത്തി ദീപം തെളിയിച്ച്, പൊങ്കാല അടുപ്പുകളിലേക്ക് മേൽശാന്തി അഗ്നി പകർന്നു. ഭക്തജനങ്ങൾ പൊങ്കാല നിവേദ്യം സ്വയം പാകം ചെയ്തതിനു ശേഷം മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ നിവേദ്യം ദേവിക്ക് അർപ്പിച്ചു.
ക്ഷേത്രം പ്രസിഡൻ്റ് സന്തോഷ് പല്ലീരി, സെക്രട്ടറി രവി ചെട്ടിയാരത്ത്, രേവതി വേണു, ഗിരീഷ് ചെട്ടിയാരത്ത്, ശശീധരൻ മഠത്തിൽ, കെ.വി ജയപ്രകാശ്, ശശീന്ദ്രൻ പുത്തൻ വീട്ടിൽ, കൃഷ്ണൻ കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങളും നാട്ടുകാരും പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു.
ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോൽസവത്തിൻ്റെ ഭാഗമായി വിശേഷാൽ പൂജകൾ നടന്നു. ഭക്ത ജനങ്ങൾ ഇലഞ്ഞി മരച്ചുവട്ടിൽ വലയം ചെയ്ത് തവിട് തൂളിക്കൽ വഴിപാട് നടത്തി.
രാവിലെ മുതൽ തന്നെ മൂന്ന് ജില്ലകളിൽ നിന്നായി നൂറുകണക്കിന് ഭക്ത ജനങ്ങൾ തവിട് തൂളിക്കലിനായി ക്ഷേത്ര സന്നിധിയിലെത്തി. ക്ഷേത്ര ഊരാളൻ തത്താണത്ത് മന നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.
ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾ ചൂലും, നെല്ലും ദേവിക്ക് സമർപ്പിച്ചു. വൈകുന്നേരം തിറ, പൂതൻ എന്നിവ ക്ഷേത്രത്തിലെത്തി ഉത്സവത്തിന് മിഴിവേകി. രാത്രി ഗാനമേളയും അരങ്ങേറി.
Summary:
Makarachovva Mahotsavam was celebrated with traditional rituals at various temples in Valluvanad.
Hundreds of devotees participated in the Makarachovva celebrations at Pattambi Nedunganatt Muthassiyar Kavil, Cherplassery Puthanalkal Temple, Kootanad Elavathukkal Temple and Chalissery Mulayamparamba Temple.

