പട്ടാമ്പിയിൽ റവന്യൂ ടവർ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ

പട്ടാമ്പിയിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നായ റവന്യു ടവർ യാഥാർത്ഥ്യമാകുന്നു. സർക്കാർ ഓഫീസുകളിലേതിൽ ഏറ്റവും വലിയ ടവറായി രൂപകൽപ്പന ചെയ്തിരിക്കുന്ന റവന്യു ടവറിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

പദ്ധതിയുടെ ആകെ ചെലവ് 34 കോടി 54 ലക്ഷം രൂപയാണ്. ഇതിൽ 29 കോടി 27.38 ലക്ഷം രൂപയാണ് നിർമ്മാണ തുക. 

റവന്യു ടവർ യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള മിനി സിവിൽ സ്റ്റേഷന്റെ മൂന്ന് നില കെട്ടിടം പൂർണമായും പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് കൈമാറാനാകും. ഇതുവഴി ജില്ലയിലെ തന്നെ വലിയ താലൂക്ക് ആശുപത്രിയായി പട്ടാമ്പി താലൂക്ക് ആശുപത്രിയെ വികസിപ്പിക്കാനാകും. 

ആശുപത്രി നവീകരണത്തിനായി ഇതിനകം 15 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാലാണ് പ്ലാൻ ബി എന്ന നിലയിൽ റവന്യു ടവർ നിർമ്മാണം തീരുമാനിച്ചതെന്ന് എം.എൽ.എ അറിയിച്ചു.

റവന്യു ടവറിന്റെ നിർമ്മാണ ചുമതല കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിനാണ്. പദ്ധതിക്ക് ആവശ്യമായ ഫണ്ട് കിഫ്ബിയിലൂടെയാണ് ലഭ്യമാക്കുന്നത്. ഇതിന് സമീപം തന്നെ മുനിസിപ്പൽ ടവർ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുനിസിപ്പാലിറ്റി ഓഫീസും റവന്യു ടവറും ഒരേ പ്രദേശത്തേക്ക് മാറുന്നതോടെ പട്ടാമ്പി ടൗൺ കൂടുതൽ വിപുലമായ നഗരകേന്ദ്രമായി മാറുമെന്ന് എം.എൽ.എ പറഞ്ഞു.

റവന്യു ടവർ യാഥാർത്ഥ്യമാകുന്നതോടെ എല്ലാ സർക്കാർ ഓഫീസുകളും ഒരു കെട്ടിടത്തിലേക്ക് മാറും. ഇതുവഴി ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ താലൂക്ക് ആസ്ഥാനമായി പട്ടാമ്പി മാറുമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.

ചിത്രം: റവന്യൂ ടവറിൻ്റെ മാതൃക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം