ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌ത കേസിൽ പ്രതി ഷിംജിത മുസ്‌തഫയ്ക്ക് ഇന്ന് ജാമ്യം ലഭിച്ചു.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസമായി മഞ്ചേരി സബ് ജയിലിൽ റിമാൻ്റിൽ കഴിയുകയായിരുന്നു ഷിംജിത.
ഷിംജിതയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും, ഇത്രയും കാലം ജയിലിൽ കഴിഞ്ഞ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി ആവശ്യമില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു
ജനുവരി 16ന് പയ്യന്നൂരിലുണ്ടായ ബസ് യാത്രയ്ക്കിടയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ദീപക് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ദീപക്കിനെതിരെ നടന്നത്. ഇതിൽ മനംനൊന്ത് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ദീപക്കിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
