കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയ തൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി തുടങ്ങും. വ്യാഴാഴ്ച അർധരാത്രി വരെയാണ് 24 മണിക്കൂർ പണിമുടക്ക്.
അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ സമ്പൂർണമാകും. സംസ്ഥാനത്തെ എല്ലാ തൊഴിൽ മേഖലകളും നിശ്ചലമാകും. തൊഴിലുടമകൾക്കെല്ലാം പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വ്യവസായ - കാർഷിക - വാണിജ്യ - വ്യാപാര മേഖലകൾ 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടയും. മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല.
10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ തൊഴിലാളി ഫെഡറേഷനുകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംയുക്ത കർഷക മോർച്ചയും, കർഷക തൊഴിലാളി സംഘടനകളും, സി.പി.ഐ.എം, സി.പി.ഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും, അധ്യാപക സംഘടനകളും, ബാങ്ക് ഇൻഷുറൻസ് - പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെയും, ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും, ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി രംഗത്തുവരാൻ തീരുമാനിച്ചിട്ടുണ്ട്.
മഹിളാ - വിദ്യാർഥി - യുവജന സംഘടനകളും, പണിമുടക്ക് ദിവസം തെരുവിലിറങ്ങി പ്രതിഷേധിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷാപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസ് ഒഴികെ മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും.
