ആധുനിക വിഷയങ്ങളേയും സമകാലീന ചരിത്രങ്ങളേയും, സംഭവങ്ങളേയും കോർത്തിണക്കി സംസ്കൃത പണ്ഡിതൻ ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ ആയിരം സംസ്കൃത സുഭാഷിതങ്ങളുടെ അപൂർവ്വമായ ബൃഹദ് ഗ്രന്ഥം മാതൃവിദ്യാലയത്തിന് സമർപ്പിച്ചു.
സംസ്കൃത ഭാഷയിൽ ബാലപാഠം അഭ്യസിച്ച പെരിങ്ങോട് ഹയർ സെക്കൻ്ററി സ്കൂളിലാണ് ബാലസുഭാഷിത സാഹസ്രി എന്ന ഗ്രന്ഥത്തിൻ്റെ സമർപ്പണവും ആസ്വാദനവും നടന്നത്.
തൃശ്ശൂർ ഗവ. ഐ.എ.എസ്.ഇയിൽ നിന്ന് സംസ്കൃത മേധാവിയായി വിരമിച്ച ഡോ.ഇ.എൻ. ഉണ്ണികൃഷ്ണനാണ്, സംസ്കൃതത്തിൽ ഹരിശ്രീ കുറിച്ചു നൽകിയ മുൻ അധ്യാപിക സാവിത്രി ടീച്ചർക്കും സംസ്കൃതം അഭ്യസിക്കുന്ന വിദ്യാർഥികൾക്കും ഗ്രന്ഥം സമർപ്പിച്ച് ഭാഷയോടുള്ള സ്നേഹം പ്രകടമാക്കിയത്. സർവ്വീസിലിരിക്കെ ഭാഷാ പ്രചാരണത്തിനായി നിരവധി ഗ്രന്ഥങ്ങളും, പ്രഭാഷണങ്ങളും ഇദ്ദേഹത്തിൻ്റേതായിട്ടുണ്ട്.
ഏഴ് വർഷത്തെ കഠിന ശ്രമത്തിലൂടെയാണ് ആധുനിക സുഭാഷിത ഗ്രന്ഥം ഇദ്ദേഹം രചിച്ചത്. ഇത് സംസ്കൃത ഭാഷക്ക് മുതൽക്കൂട്ടാണെന്ന് പെരിങ്ങോട് ഹൈസ്കൂളിൽ സുഭാഷിത ഗ്രന്ഥത്തെ അധികരിച്ച് നടന്ന ചർച്ചയിൽ സംസ്കൃത പണ്ഡിതനും, മുൻ ഡയറ്റ് ലക്ചറുമായ വി.വിജയൻ പറഞ്ഞു.
പെരിങ്ങോട് ഹൈസ്കൂൾ പ്രധാനാധ്യാപിക വി.ശ്രീകല അധ്യക്ഷയായി. സ്കൂളിന് അപൂർവ്വമായി ലഭിച്ച സംഭാവനയാണ് ബാലസുഭാഷിത സാഹസ്രി എന്ന ഗ്രന്ഥമെന്ന് പ്രധാനാധ്യാപിക വി.ശ്രീകല പറഞ്ഞു.
സ്കൂൾ മാനേജർ പൂമുള്ളി മന വാസുദേവൻ നമ്പൂതിരിപ്പാട്, സംസ്കൃത പണ്ഡിതൻ പാഴൂർ ദാമോദരൻ, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ സജിത, പി.ടി.എ.പ്രസിഡൻ്റ് കെ.രാധാകൃഷ്ണൻ, ഗ്രന്ഥശാലാ പ്രവർത്തകൻ ഡോ.കെ.ജയരാജ്, മുൻ അധ്യാപകൻ എൻ. ചന്ദ്രശേഖരൻ, എം.മണികണ്ഠൻ, ഇ.അബൂബക്കർ, കെ.വി. നിർമ്മല, ടി.എം.ബാലചന്ദ്രൻ, ജനാർദ്ദന വാരിയർ, കെ.ചന്ദ്രൻ, ടി.വിദ്യാധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
