"പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തോം കൊളുത്തിപ്പട" എന്ന് പഴമക്കാർ പറയുന്നത് എത്ര അർത്ഥവത്താണെന്ന് ബോധ്യപ്പെടുന്ന ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മ എന്ന നിലയിലും, അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നേർസാക്ഷി എന്ന നിലയിലുമാണ് ഇതെഴുതുന്നത്.
പ്രധാനമായും സി.ബി.എസ്.ഇ (CBSE) യിൽ നിന്നും സ്റ്റേറ്റ് സിലബസിലേക്ക് മാറിയ കുട്ടികളുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. പത്താം ക്ലാസ്സിൽ മികച്ച വിജയം കരസ്ഥമാക്കാം, അൽപ്പം കൂടി ലളിതമായ പഠനരീതി ലഭിക്കും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് പലരും ഒമ്പതാം ക്ലാസ് കഴിഞ്ഞ് സ്റ്റേറ്റ് സിലബസിലേക്ക് എത്തിയത്.
എന്നാൽ, ഇത്തവണ കാത്തിരുന്നത് വലിയൊരു ‘Reality Check’ ആയിരുന്നു. പ്രതീക്ഷകൾക്ക് വിപരീതമായി കടുപ്പമേറിയ സിലബസും, വരാൻ പോകുന്ന ചോദ്യപേപ്പറിന്റെ ഘടനയെക്കുറിച്ച് (Question Paper Blueprint) അധ്യാപകർക്ക് പോലും വ്യക്തമായ ധാരണയില്ലാത്തതുമായ ഒരവസ്ഥ. ഇരുട്ടിൽ തപ്പുന്ന അധ്യാപകർക്ക് എങ്ങനെയാണ് കുട്ടികൾക്ക് വെളിച്ചം പകരാനാവുക?
ഇതിനിടയിലാണ് കുട്ടികളുടെ മനോവീര്യം തകർക്കുന്ന മറ്റൊരു വാർത്ത വരുന്നത്. "നിലവിലെ സിലബസ് കഠിനമായതുകൊണ്ട് അടുത്ത അധ്യയന വർഷം മുതൽ അത് ലഘൂകരിക്കാൻ പോകുന്നു". സ്വാഭാവികമായും ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊരു ‘Double Whammy’ (ഇരട്ട പ്രഹരം) ആണ്. അവർ ചോദിക്കുന്നു- "അപ്പോൾ ഞങ്ങളോ? ഞങ്ങളുടെ കഷ്ടപ്പാടിന് വിലയില്ലേ? ഞങ്ങൾ വെറും ‘Guinea pigs’ (പരീക്ഷണ വസ്തുക്കൾ) മാത്രമാണോ?". ഈ വാർത്ത അവരിൽ ഉണ്ടാക്കുന്ന Demotivation ചെറുതല്ല.
മുൻ വർഷങ്ങളിൽ അർഹതയില്ലാത്തവർക്കും വാരിക്കോരി 'എ പ്ലസ്' നൽകിയതിന്റെ തിക്തഫലം പ്ലസ് വൺ പ്രവേശന സമയത്ത് നമ്മൾ കണ്ടതാണ്. ആ തെറ്റ് തിരുത്താൻ ഇത്തവണ 'എ പ്ലസ്' കുറയ്ക്കാൻ പോകുന്നു, മൂല്യനിർണ്ണയം കർശനമാക്കാൻ പോകുന്നു എന്നൊക്കെ കേൾക്കുന്നു. ഒരു തെറ്റ് തിരുത്താൻ മറ്റൊരു തെറ്റ് ചെയ്യുന്ന ‘Overcorrection’ രീതിയാണോ അധികാരികൾ സ്വീകരിക്കാൻ പോകുന്നത്?
ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പിനോടും മന്ത്രിയോടും ഒരു അഭ്യർത്ഥനയുണ്ട്. സിലബസ് കടുപ്പമായതുകൊണ്ട് എല്ലാവർക്കും ജയിക്കാനുള്ള മാർക്ക് വെറുതെ നൽകണമെന്നോ, യോഗ്യതയില്ലാത്തവർക്കും എ പ്ലസ് നൽകണമെന്നോ അല്ല ഞങ്ങൾ പറയുന്നത്. മറിച്ച്, ഈ കുട്ടികൾ നേരിടുന്ന അനിശ്ചിതത്വവും സമ്മർദ്ദവും കണക്കിലെടുത്ത് അവർക്ക് അർഹമായ Justice (നീതി) ഉറപ്പാക്കണം.
മൂല്യനിർണ്ണയ ക്യാമ്പുകളിൽ 'എ പ്ലസ് കുറയ്ക്കണം' എന്ന മുൻവിധിയോടെ അധ്യാപകർ ഇരിക്കരുത്. കുട്ടികൾ എഴുതിയ ഉത്തരങ്ങൾക്കും, അവരുടെ കഠിനാധ്വാനത്തിനും അർഹമായ മാർക്ക് ലഭിക്കണം. അവിടെ പിശുക്ക് കാണിക്കരുത്. സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾക്ക് ബലിയാടാകേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ.
അവർക്ക് വേണ്ടത് ഔദാര്യമല്ല, നീതിയാണ്. ഇതോടൊപ്പം തന്നെ സങ്കടകരമായ മറ്റൊരു കാര്യമുണ്ട്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റീച്ചും വ്യൂസും കൂട്ടാൻ വേണ്ടി മാത്രം വീഡിയോകൾ ചെയ്യുന്ന ചില Content Creators-നോടാണ് എനിക്ക് സംസാരിക്കാനുള്ളത്. "ഇത്തവണ പരീക്ഷ കടുക്കും", "എ പ്ലസ് കിട്ടില്ല", "വരാൻ പോകുന്നത് ഇങ്ങനെയാകാം" എന്നിങ്ങനെ സത്യമാണെങ്കിലും വ്യാജമാണെങ്കിലും കുട്ടികളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള റീലുകൾ ദയവായി പ്രചരിപ്പിക്കരുത്. നിങ്ങളുടെ ഓരോ വീഡിയോയും ഒരു പക്ഷേ ഒരു കുട്ടിയുടെ മാസങ്ങളായുള്ള കഠിനാധ്വാനത്തെയും ആത്മവിശ്വാസത്തെയുമാണ് തകർക്കുന്നത്. ഒരു രക്ഷിതാവ് എന്ന നിലയിലും, കുട്ടികളുടെ നന്മ ആഗ്രഹിക്കുന്ന ഒരു സാമൂഹ്യ ജീവി എന്ന നിലയിലും ഇത് എന്റെ വിനീതമായ അപേക്ഷയാണ്. പരീക്ഷയെ പേടിയോടെയല്ല, മറിച്ച് ധൈര്യത്തോടെ നേരിടാനുള്ള അന്തരീക്ഷമാണ് നമ്മൾ ഒരുക്കേണ്ടത്."
SHEREENA KR
Phone: 7736817493
Publisher
QUIETWAVE BOOKS Pattambi
പ്രതിദ്ധ്വനി എന്ന വായനക്കാരുടെ പംക്തിയിലേക്ക് ആനുകാലിക വിഷയങ്ങളെക്കുറിച്ച് നിങ്ങൾക്കും എഴുതാം. 91 9447531641 എന്ന വാട്സ്ആപ്പ് നമ്പറിൽ ടൈപ്പ് ചെയ്ത മാറ്റർ അയക്കുക. പേര്, വിലാസം, ഫോൺ നമ്പർ, ഫോട്ടോ എന്നിവയും അയക്കുക - എഡിറ്റർ
