പട്ടാമ്പി ഗവ.സംസ്കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന 'കവിതയുടെ കാർണിവൽ' ഒമ്പതാം പതിപ്പ് വെള്ളിയാഴ്ച തുടങ്ങും.
'കവിതയുടെ ഭൂപടങ്ങൾ' എന്ന പ്രമേയത്തിൽ ഞായറാഴ്‌ച വരെ ഏഴ് വേദികളിലായി കാർണിവൽ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
കൊറഗ ഗോത്രഭാഷാ കവി മീനാക്ഷി ബൊദോദി വെള്ളിയാഴ്ച രാവിലെ 9.30ന് കാർണിവൽ ഉദ്ഘാടനം ചെയ്യും. മണിപ്പൂരി കവി റോബിൻ ഗാങ്‌ഗോം വിശിഷ്ടാതിഥിയാകും. കവി കുരീപ്പുഴ ശ്രീകുമാറിനെ ആദരിക്കും. മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര സെമിനാറുകളും വിവർത്തന ശിൽപ്പശാലയും നടക്കും. എട്ടോളം ഭാഷകളിൽ നിന്നായി 16 കവികൾ പങ്കെടുക്കും. കാവ്യാലാപനങ്ങൾക്ക് പുറമെ നാടൻ കലാവതരണങ്ങൾ, ഇൻസ്റ്റലേഷൻ, ആർട്ട് ഗാലറി, മ്യൂസിക് ബാൻഡ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയുമൊരുക്കിയിട്ടണ്ട്.
25 വർഷങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച മലയാള കവിതാ സമാഹാരത്തിനുള്ള മലയാള നാട് പുരസ്കാരം പി.പി രാമചന്ദ്രൻ്റെ 'കവിതകൾ' എന്ന സമാഹാരത്തിന് സമ്മാനിക്കും. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ഫെ.എട്ടിന് രാവിലെ 11ന് വിതരണം ചെയ്യും.
അധികാരത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും ഭൂപടങ്ങൾ പുറന്തള്ളിയ അരികുജീവിതങ്ങളെ കാവ്യഭൂപടത്തിലേക്ക് തുന്നിച്ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടാമ്പിയിൽ അക്ഷരങ്ങളുടെ ഉത്സവം അരങ്ങേറുന്നതെന്ന് സംഘാടകർ പറഞ്ഞു.
കേരളത്തിലെ ആദ്യ ലിറ്റററി ഫെസ്റ്റിവലുകളിൽ ഒന്നായ ഈ ഇടം, കവിതക്ക് മാത്രമായി നടക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമാണ്. ഇത്തവണ ‘കവിതയുടെ ഭൂപടങ്ങൾ’ എന്ന പ്രമേയത്തിലാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.
മലയാള കവിതയിലെ പുതുമൊഴി വഴികൾ തുറന്നിട്ട, കവിതയുടെ കാർണിവലിന്റെ ആദ്യകാലങ്ങളിൽ മാർഗ്ഗദർശിയായി കൂടെ നിന്ന ആറ്റൂർ രവിവർമ്മയുടെ സ്മരണാർത്ഥം ആറ്റൂരിന്റെ കാവ്യജീവിതത്തെയും സംഭാവനകളെയും ഡിജിറ്റൽ യുഗത്തിൽ അടയാളപ്പെടുത്തുന്നതിനായി തയ്യാറാക്കിയ 'ആറ്റൂർ വെബ് പോർട്ടൽ' കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കവിയുമായ സച്ചിദാനന്ദൻ സ്വിച്ച് ഓൺ ചെയ്യും.
മലയാള കവിതയിലെ ഭൂപട നിർമ്മിതികൾ എന്ന വിഷയത്തിൽ മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര സെമിനാറുകൾ നടക്കും. കേരളത്തിലെ വിവിധ മേഖലകളിലുള്ള അക്കാദമിക വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കാസർകോടൻ അതിർത്തിയിലെ ഭാഷാ സാഹിത്യ സംസ്കൃതിയെ മലയാള സാഹിത്യത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ദൗത്യവും ഇത്തവണത്തെ കാർണിവൽ ഏറ്റെടുക്കും. സാഹിത്യ ചരിത്രത്തിൽ അവഗണിക്കപ്പെട്ട മൊഗ്രാൽ എന്ന അതിർത്തി പ്രദേശത്തെ ഭാഷാ സംസ്കൃതിക്ക് ആദരമർപ്പിച്ചുകൊണ്ട് പ്രത്യേക കാർണിവൽ വേദി ഒരുക്കും.
മൊഗ്രാലിലെ വിവിധ കവികളുടെ വിവർത്തന ശില്പശാല മൂന്നുദിവസങ്ങളിലായി നടക്കും. എട്ടോളം ഭാഷകളിൽ നിന്നായി പതിനാറു കവികൾ ഈ ശീല്പശാലയിൽ പങ്കെടുക്കും. ശില്പശാല വിവർത്തകനായ കെ.വി കുമാരൻ ഉദ്ഘാടനം ചെയ്യും. കാസർകോടൻ മുസ്ലിം സാംസ്കാരിക ചരിത്രത്തിലെയും മാപ്പിളപ്പാട്ട് സാഹിത്യത്തിലെയും പ്രധാന അടയാളപ്പെടുത്തലായ പക്ഷിപ്പാട്ടിൻ്റെ നൂറാം വർഷത്തിൽ ആ കാവ്യരൂപത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ച് ടി.കെ അൻവർ മൊഗ്രാൽ, യൂസുഫ് കട്ടത്തടുക്ക എന്നിവർ കാർണിവൽ വേദിയിൽ സംവദിക്കും. മൊഗ്രാലിൻ്റെ ഇശലുകളുടെ അവതരണവും ഇവരുടെ നേതൃത്വത്തിൽ നടക്കും.
മലയാള കവിതയുടെ ഈണങ്ങളെയും താളപദ്ധതികളെയും കുറിച്ച് മനോജ് കുറൂർ, ശ്രീവത്സൻ ജെ.മേനോൻ എന്നിവർ സംവദിക്കും. കാർണിവൽ ചർച്ച ചെയ്യുന്ന മറ്റൊരു പ്രധാന രാഷ്ട്രീയ വിഷയം അതിർത്തി മലയോര മേഖലകളിലെ ജീവിതമാണ്.
ചരിത്രപരമായ വിവേചനങ്ങളും തനിമ നഷ്ടപ്പെടുന്ന ഭാഷാപരമായ പ്രതിസന്ധികളും തുറന്നു കാണിക്കുന്ന ആദിവാസി സമൂഹം: ഭാഷ, സ്വത്വം, ആവിഷ്കാരം - പ്രതിസന്ധിയുടെ ഭൂപടങ്ങൾ എന്ന വിഷയത്തിൽ പുഷ്പമ്മ, പോൾ മാത്യൂസ് എന്നിവർ സംസാരിക്കും. അതിർത്തി മലയോരഭൂമിയിലെ സാമൂഹ്യസംഘർഷങ്ങളും സ്വത്വപ്രതിസന്ധികളും എന്ന വിഷയത്തിൽ സേതുരാമൻ IPS ഉം പ്രഭാകരൻ മൂന്നാറും സംവദിക്കും.
ഏഴു വേദികളിലായി നടക്കുന്ന മേളയിൽ കാവ്യാലാപനങ്ങൾക്ക് പുറമെ നാടൻ കലാവതരണങ്ങൾ, ഇൻസ്റ്റലേഷൻ, ആർട്ട് ഗാലറി, മ്യൂസിക് ബാൻഡ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡെന്മാർക്കിൽ നിന്നുള്ള ആസ്റ്റീരിയൻ ഹസ് അവതരിപ്പിക്കുന്ന റോമിയോ & ജൂലിയറ്റ് പെർഫോർമൻസും ഉണ്ടായിരിക്കും.
പട്ടാമ്പി കോളേജ് തിയേറ്റർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന നാടകം ജീവിതപ്പാടം അരങ്ങിലെത്തും. ക്യാമ്പസിലെ യുവപ്രതിഭകൾ അണിയിച്ചൊരുക്കുന്ന ഈ നാടകം മണ്ണിന്റെയും മനുഷ്യന്റെയും പോരാട്ടങ്ങളുടെ നേർക്കാഴ്ചയാകും.
കാർണിവലിൽ വിവിധ വേദികളിലായി ഈ ദിവസങ്ങളിൽ ഇരുനൂറോളം എഴുത്തുകാരും രണ്ടായിരത്തോളം പ്രതിനിധികളും പങ്കെടുക്കും.
