തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു; മരണ സംഖ്യ ഉയരാൻ സാധ്യത

 

തമിഴ്നാട്ടിലെ വിരുദുനഗർ കട്ടന്നാർപട്ടിയിലെ വനജ ഫയർ വർക്സ് എന്ന പടക്ക നിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.  എല്ലാ മുറികളും സ്ഫോടനത്തിൽ തകർന്നു.

ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മരണ സംഖ്യ 23 ആണ്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.  മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടിപ്പുണ്ടോ എന്നറിയാൻ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി. 

സ്ഫോടന സമയത്ത് അൻപതിലേറെപ്പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. സ്ഫോടനമുണ്ടായപ്പോൾ 10 കിലോമീറ്റർ ദൂരത്തു വരെയും പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് പ്രദേശമാകെ പുക നിറഞ്ഞു. 

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ രണ്ടു മന്ത്രിമാരെ വിരുദുനഗറിലേക്ക് അയച്ചു. 

മുത്തുമാണിക്കം എന്നയാളിന്റെ ഉടമസ്‌ഥതയിലുള്ള ഈ സ്‌ഥാപനം സാധാരണ ഞായറാഴ്ച പ്രവർത്തിക്കാറില്ല. അവധി ദിവസത്തിൻ്റെ പകരം പ്രവൃത്തി ദിനമെന്ന നിലയിലാണ് ഇന്ന് സ്ഥാപനം പ്രവർത്തിച്ചത് എന്നാണ് സൂചന.

പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരണപ്പെട്ട വാർത്ത അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റ‌ാലിൻ പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം