ചാലിശ്ശേരി പട്ടിശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നു വന്നിരുന്ന നാരായണീയ സപ്താഹ യജ്ഞത്തിന്റെ സമാപനത്തിൽ കഥകളി അരങ്ങുണർത്തി.
സപ്താഹ സമാപന ദിനത്തിൽ രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ഉച്ചയ്ക്ക് യജ്ഞാചാര്യൻ തോട്ടം നീലകണ്ഠൻ നമ്പൂതിരിയും, ഉപാചാര്യൻ മുതുവറ ദിവാകരൻ നമ്പൂതിരിയും ഭക്തജനങ്ങൾക്ക് സപ്താഹ മണ്ഡപത്തിൽ വെച്ച് പ്രസാദം നൽകിയതോടുകൂടി ഏഴു ദിവസത്തെ സപ്താഹത്തിന് സമാപനമായി.
കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, കൃഷ്ണകൃപയുടെ തിരുവാതിരക്കളി എന്നിവയും നടന്നു. സാംസ്കാരിക സന്ധ്യയ്ക്ക് ടീം രസാനന്ദയുടെ കലാനിലയം ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 'രുഗ്മാംഗദ ചരിതം' കഥകളിയും അരങ്ങുണർത്തി.
രുഗ്മാംഗദനായി കലാനിലയം ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരിയും, മോഹിനിയായി കലാമണ്ഡലം വൈവസ്വതമനു, ബ്രാഹ്മണർ കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം അഭിഷേക്, ധർമ്മാംഗദൻ കുമാരി എസ്.ഭദ്ര, വിഷ്ണു മാസ്റ്റർ ആര്യൻ എന്നിവർ വേഷമിട്ടു.
പാട്ട് കലാമണ്ഡലം വിശ്വാസ്, ഹരിശങ്കർ കണ്ണമംഗലം, ചെണ്ട കലാമണ്ഡലം നിതിൻ കൃഷ്ണ, മദ്ദളം കലാമണ്ഡലം പ്രശാന്ത്, ചുട്ടി കലാമണ്ഡലം വൈശാഖ്, അണിയറ ശ്യാം മനോഹർ & ടീം എന്നിവരായിരുന്നു അണിയറ ശില്പികൾ.
