സ്ഥാനാർത്ഥികളും നേതാക്കളും വിവിധ മുന്നണികളുടെ പ്രവർത്തകരും ആകാംക്ഷയുടെ മുൾമുനയിലാണെങ്കിലും സ്‌ട്രോങ്ങ് റൂമിൽ ജനവിധി സുഖനിദ്രയിലാണ്. അതേ സമയം നിദ്ര വെടിഞ്ഞ് ഉദ്യോഗസ്ഥർ കാവലിലുമാണ്.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷാ മേല്‍നോട്ടത്തിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജ്, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, പത്തിരിപ്പാല മൗണ്ട് സീന സ്‌കൂൾ എന്നിവിടങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളിലാണ് പാലക്കാട് ജില്ലയിലെ ജനവിധി ഉറങ്ങുന്നത്.
കാവലിനു പുറമെ ഗസറ്റഡ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനമായ മെയ് നാല് വരെ നീണ്ടു നില്‍ക്കുന്ന ഡ്യൂട്ടിക്കായി ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നായി 150ഓളം ഉദ്യോഗസ്ഥരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുള്ളത്.
ഓരോ കേന്ദ്രത്തിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിശ്ചിത സമയക്രമത്തില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ സുരക്ഷാ ചുമതല വഹിക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുക, സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലകള്‍.
ഏപ്രില്‍ ഒന്‍പത് മുതല്‍ മെയ് മൂന്ന് വരെ രണ്ട് ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍, അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലാണ്.
കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും നടക്കും.
തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.

