പ്രിയപ്പെട്ടവരുടെ കണ്ണീരിനെ സാക്ഷിയാക്കി നാടിൻ്റെ നോവായി മാറിയ ശ്രീനന്ദ യാത്രയായി. കർണാടകയിലെ ചിക്മഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ സംസ്കാരം ഇന്ന് നടന്നു.
ഐവർമഠം ശ്‌മശാനത്തിൽ ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഇന്ന് (ശനിയാഴ്ച) രാവിലെ പത്ത് മണിയോടെ കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ നാടൊന്നാകെ അലമുറയിട്ട് ഒഴുകിയെത്തി. ആ കൊച്ചു മിടുക്കിയുടെ കളിചിരികൾ കടമ്പഴിപ്പുറത്തിൻ്റെ മണ്ണിൽ ഓർമ്മ മാത്രമായി.
ഇന്നലെ ചിക്കമംഗളൂരുവിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കടമ്പഴിപ്പുറത്തുള്ള വീട്ടിലെത്തിച്ചത്.
ഏപ്രിൽ നാലിനാണ് കടമ്പഴിപ്പുറത്തുനിന്ന് കർണാടകത്തിലേക്ക് അച്ഛനും അമ്മയുമുൾപ്പെടെയുള്ള 40 പേരോടൊപ്പം ശ്രീനന്ദ ഉല്ലാസയാത്രക്ക് പോയത്.
ഏപ്രിൽ ഏഴിന് ഹംപി സന്ദർശിച്ച ശേഷം വൈകിട്ട് മാണിക്യധാരയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് 5.20നും 5.30നും ഇടയിലുള്ള പത്തു മിനിറ്റിലാണ് ഒരു നാടിന്റെയാകെ പ്രതീക്ഷയായ ആ പെൺകുട്ടിയെ കാണാതായത്.
ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിന്റിനു സമീപത്താണ് കുട്ടിയെ ഒടുവിൽ കണ്ടത്.
കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്ത് മലമുകളിലേക്ക് കയറിയ ശ്രീനന്ദ, തിരിച്ചിറങ്ങുന്നതിനിടെ എവിടെയോ കാണാതാവുകയായിരുന്നു. ഉടൻ തന്നെ വ്യാപക തിരച്ചിൽ ആരംഭിച്ചെങ്കിലും നാലാം ദിവസം മൃതദേഹമാണ് കണ്ടെത്തിയത്.
നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ 1500 അടി താഴ്ചയിൽ ഹർഷന ഗുപ്പെയിലാണ് മൃതദേഹം കിടന്നിരുന്നത്. ഡ്രോൺ നിരീക്ഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ പണിപ്പെട്ടാണ് ദുരന്തനിവാരണ സേനയും പോലീസും വനംവകുപ്പും ഉൾപ്പെട്ട സംഘം മൃതദേഹം പുറത്തെത്തിച്ചത്. ചിക്മംഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മരണം വീഴ്ച മൂലമുണ്ടായതാണെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നുമാണ് റിപ്പോർട്ട്.
കുട്ടിയുടെ മരണത്തിൽ മാതാപിതാക്കളുൾപ്പെടെ ബന്ധുക്കൾ നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കർണാടക പൊലീസിനോടൊപ്പം കേരളത്തിലെ പ്രത്യേക പൊലീസ് സംഘവും പങ്കുചേർന്നിരുന്നു.
