പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് 140 മണ്ഡലങ്ങളിലും ആവേശകരമായ പോളിംഗ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ തുടക്കം മുതൽ തന്നെ ആവേശകരമായ ജനപങ്കാളിത്തമാണ് കാണാനായത്. ഉച്ചയോടെ അമ്പത് ശതമാനം പേർ വോട്ട് ചെയ്തു. വൈകുന്നേരം 3 മണിയോടെ 65 ശതമാനം പേർ പോളിംഗ് രേഖപ്പെടുത്തി.
വൈകുന്നേരം 6 മണിക്ക് വോട്ടിംഗ് സമയം അവസാനിക്കുമ്പോഴേക്കും പോളിംഗ് ഉയർന്ന് 75 ശതമാനം കടന്നു. അവസാന കണക്കുകൾ വരുമ്പോൾ 80 ശതമാനം താണ്ടുമെന്നാണ് കരുതപ്പെടുന്നത്.
140 നിയോജക മണ്ഡലങ്ങളിൽ 883 സ്ഥാനാർഥികളാണ് വിധി നിർണ്ണയം കാത്തിരിക്കുന്നത്. 2.71 കോടി വോട്ടർമാരാണ് ഭാവി കേരളത്തിൻ്റെ സാമാജികരെ തെരഞ്ഞെടുക്കാൻ ബൂത്തിലെത്തിയത്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ മിക്ക പോളിങ് സ്റ്റേഷനുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. സ്ത്രീകളും മുതിർന്ന പൗരന്മാരും ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ സജീവമായി രംഗത്തെത്തിയിരുന്നു. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ബൂത്തുകളിലും ഒരുക്കിയിരിക്കുന്നത്.
കനത്ത ചൂടിനെ വകവെയ്ക്കാതെ ഒട്ടുമിക്ക ബൂത്തുകളിലും ആളുകൾ കാത്തു നിന്ന് വോട്ട് ചെയ്തു. വൈകിട്ട് ആറുമണി കഴിഞ്ഞിട്ടും വിവിധ ബൂത്തുകളിൽ നീണ്ട നിര വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
സ്ഥാനാർഥികളും രാഷ്ട്രീയ - കലാ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല ബേസിക് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുകൾ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തി നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി.
തൃത്താല നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ് കയിലിയാട് തന്റെ ബൂത്തിൽ രാവിലെ തന്നെ എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം തൃത്താല മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിച്ചു.
തൃത്താലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാം പട്ടിത്തറ പഞ്ചായത്തിലെ ഒതളൂർ 83-ാം നമ്പർ അംഗനവാടിയിലാണ് വോട്ട് ചെയ്തത്.
രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ ബൂത്തിലെത്തിയ ബൽറാം, ആദ്യത്തെ വോട്ടറായാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തുടർന്ന് മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്നതിനായി യാത്ര തിരിച്ചു.
തൃത്താലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ രാവിലെ തിരൂർ നിയോജക മണ്ഡലത്തിലെ വളവന്നൂർ പഞ്ചായത്തിൽ പാറക്കല്ല് എ.എം.യു.പി സ്കൂളിലെ 24-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
പട്ടാമ്പിയിൽ മൂന്നാമൂഴം തേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്‌സിൻ ഓങ്ങല്ലൂർ കാരക്കാട് എ.എം.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജി ഗവ. കോളേജ് ബൂത്തിലും, എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പി. മനോജ് പട്ടാമ്പി ഗവ.ഹൈസ്കൂളിലും വോട്ട് ചെയ്തു. മൂന്ന് സ്ഥാനാർത്ഥികൾക്കും സെൽഫ് വോട്ട് ചെയ്യാൻ സാധിച്ചതിൻ്റെ സന്തോഷമുണ്ട്.
രണ്ടാമൂഴം തേടുന്ന ഷൊർണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.മമ്മിക്കുട്ടി തൃത്താല മണ്ഡലത്തിലെ കൂടല്ലൂർ ഗവ.ഹൈസ്കൂളിൽ വോട്ട് ചെയ്തു.
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.പ്രേംകുമാർ കുളക്കാട് എ.എൽ.പി സ്കൂളിൽ വോട്ട് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നി വോട്ട് ചെയ്യാൻ എത്തിയ പാലക്കാട് ജില്ലയിലെ 200 വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്തു. ചീഫ് ഇലക്ഷൻ ഓഫീസർ (സി.ഇ.ഒ) യുടെ നിർദ്ദേശ പ്രകാരം പ്രത്യേകം തയ്യാറാക്കിയ കോഴിക്കോടൻ കരിക്ക് ഹൽവയാണ് വിതരണം ചെയ്തത്. ജില്ലയിലെ 60 മാതൃകാ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കന്നി വോട്ടർമാർക്കാണ് ഹൽവ ലഭിച്ചത്.



