മാധ്യമ സ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പത്രപ്രവർത്തക സംഘടനകൾ പരാതി നല്‍കി

മാധ്യമ സ്വാതന്ത്ര്യം തടഞ്ഞതിനെതിരെ നടപടിയാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (KMPU) പരാതി നല്‍കി. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുവദനീയമായ സ്ഥലത്ത് മാധ്യമ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനും ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി വിഷ്വല്‍ നശിപ്പിച്ചതിനുമെതിരെയാണ് പരാതി നല്‍കിയത്.

ഏപ്രില്‍ 20ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്താനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനായ രാജു ഗുരുവായൂരിനെ തടയുകയും ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി തടഞ്ഞുവച്ച് ഫോണ്‍ പിടിച്ചുവാങ്ങി വിഷ്വല്‍സ് നശിപ്പിച്ചതിനുമെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. 

പൊതു സ്ഥലത്ത് നിയമ പ്രകാരമുള്ള പ്രവേശനം തടസ്സപ്പെടുത്തിയതിനും, ബലമായി പിടിച്ചു കൊണ്ടുവന്ന് പൊതുപ്രദര്‍ശനം നടത്തിയതിനും, നിര്‍ബന്ധമായി കെട്ടിടത്തില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് ഫോണ്‍ കയ്യടക്കി അതില്‍ നിന്നും വിഷ്വല്‍സ് നശിപ്പിച്ചതിനും  Atrocity Act അനുസരിച്ച് കേസ് എടുക്കാവുന്നതാണ് എന്നും പരാതിയില്‍ പറയുന്നു.  ഈ പരാതിയില്‍ അടിയന്തരമായി ഇടപെട്ട് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാവണമെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമപ്രവർത്തകന് നേരെ നടന്ന അതിക്രമത്താൽ പത്രപ്രവർത്തക അസോസിയേഷനും പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകൻ രാജുവിനെ മർദ്ദിച്ച ദേവസ്വം ബോർഡ് ജീവനക്കാരുടെ നടപടി ജനാധിപത്യ സംവിധാനത്തിന് അപമാനമാണെന്ന് യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി,  ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ, ട്രഷറർ ബൈജു പെരുവ, രക്ഷാധികാരി ജി.ശങ്കർ, വൈസ് പ്രസിഡണ്ടുമാരായ കണ്ണൻ പന്താവൂർ, ബൈജു മേനാച്ചേരി,  എൻ.ധനഞ്ജയൻ, സെക്രട്ടറിമാരായ  വി.എസ് ഉണ്ണികൃഷ്ണൻ,  അഭിലാഷ് പിണറായി,  മംഗലം ശങ്കരൻകുട്ടി,  മനോജ്‌ കടമ്പാട്ട്, കെ.കെ അബ്ദുള്ള, ഗോപി ചക്കുന്നത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം