നാടിനെ നടുക്കിയ വെടിപ്പുര ദുരന്തത്തിന്റെ തോരാത്ത കണ്ണീർ പെയ്ത്തിനു മുന്നിൽ തൃശൂർ നഗരം പൂരത്തിരക്കിൽ പ്രവേശിച്ചു.
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഇരു ദേവസ്വങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
ഞായറാഴ്‌ചയാണ് പൂരം. പൂരവിളംബരമായി ഇന്ന് (ശനിയാഴ്‌ച) നെയ്‌തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റുന്ന കൊമ്പൻ എറണാകുളം ശിവകുമാർ പകൽ പതിനൊന്നരയോടെ തെക്കേ ഗോപുരനട തുറക്കും.
ഞായറാഴ്ച രാവിലെ ചെറുപൂരങ്ങളോടെ തൃശൂർ പൂരത്തിന് തുടക്കമാവും. കണിമംഗലം വിഭാഗമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. തുടർന്ന് മറ്റ് ഏഴ് ദേശങ്ങളുടെയും എഴുന്നള്ളിപ്പ്. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സാമ്പിൾ വെടിക്കെട്ടും തിങ്കളാഴ്‌ച പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും ഒഴിവാക്കി. കുടമാറ്റം പ്രതീകാത്മകമായി നടത്തും. പാറമേക്കാവ് വിഭാഗത്തിൻ്റെ ആനച്ചമയ പ്രദർശനം ആരംഭിച്ചു.
തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദർശനം ശനിയാഴ്ച കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടക്കും. പൂരത്തിൽ പങ്കാളികളാവുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധന ശനിയാഴ്‌ച വൈകിട്ട് നാലോടെ ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റെ തേക്കിൻകാട് മൈതാനിയിലും അഗ്രശാലക്കു പിന്നിലുള്ള പറമ്പിൽ പാറമേക്കാവിന്റെയും നടക്കും.
പൂരനാളിൽ രാവിലെ ഏഴിന് തിരുവമ്പാടി വിഭാഗം പറയെടുപ്പുകളോടെ മഠത്തിലേക്ക് എഴുന്നള്ളും. തുടർന്ന് 11.30ന് പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. മഠത്തിൽ വരവ് പകൽ മൂന്നോടെ നായ്ക്കനാൽ പന്തലിൽ അവസാനിച്ച് പാണ്ടിമേളം ആരംഭിക്കും. പാണ്ടിമേളത്തോടെ ശ്രീമൂലസ്ഥാനത്തേയ്ക്ക് നീങ്ങും.
പാറമേക്കാവ് വിഭാഗം ഞായർ പകൽ 12ന് പുറത്തേക്കെഴുന്നെള്ളും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളം ആരംഭിക്കും. 5.30ന് തെക്കോട്ടിറക്കവും 15 മിനിറ്റ് നീളുന്ന പ്രതീകാന്മക കുടമാറ്റവും നടക്കും. ഇരുവിഭാഗങ്ങളുടെയും രാത്രി എഴുന്നള്ളിപ്പും തിങ്കളാഴ്‌ച പകൽപ്പൂരവും ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയലും പതിവുപോലെ നടക്കും.
