ശ്രീനാരായണ ഗുരുകുലത്തിൻ്റെ അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് സമാധിയായി.

ഇന്ന് പുലർച്ചെ വർക്കല നാരായണ ഗുരുകുലത്തിൽ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. എം.എൻ പ്രസാദ് എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

1938 ഡിസംബർ ഒമ്പതിന് തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത് നഗരൂരിൽ സ്കൂൾ അധ്യാപകൻ ജി മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു. 

1955ൽ നാരായണ ഗുരുകുലവും നടരാജഗുരുവുമായി ബന്ധപ്പെട്ടു. സ്കൂ‌ൾ പഠനത്തിനുശേഷം വക്കത്തുള്ള എം.വി.ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഹ്രസ്വകാല പരിശീലനത്തിനുശേഷം 1958ൽ കൊല്ലം ഇറിഗേഷൻ സബ്‌ഡിവിഷൻ ഓഫീസിൽ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.

1970 ജനുവരി ഒന്നിന് നടരാജഗുരുവിൽ നിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. ഇതിനെത്തുടർന്ന് നടരാജഗുരു അദ്ദേഹത്തെ നാരായണ ഗുരുകുല ശിഷ്യപരമ്പരയിൽ ഉൾപ്പെടുത്തുകയും മുനി നാരായണ പ്രസാദ് എന്ന സന്ന്യാസ നാമം നൽകുകയും ചെയ്‌തു. പിന്നാലെ ജോലി രാജിവച്ചു. 1970ൽ പയ്യന്നൂരിനടുത്ത് ഏഴിമലയിൽ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിൻ്റെ സംഘാടകനായിരുന്നു. 1971ൽ ശാസ്താംകോട്ടയിൽ നടന്ന ലോക സർവ്വമത സമ്മേളനത്തിൻ്റെ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. നടരാജഗുരുവിന്റെ സമാധി സ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

1973 മുതൽ 1989 വരെ നാരായണ ഗുരുകുലത്തിൻ്റെ മുഖപത്രമായ "ഗുരുകുലം" ദാർശനിക മാസികയുടെ പത്രാധിപർ. 1985ൽ  നിത്യചൈതന്യയതിയിൽ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചു. 1987 ഫെബ്രുവരിയിൽ മോസ്കോയിൽ നടന്ന ലോക മത നേതാക്കളുടെ വട്ടമേശ സമ്മളനത്തിൽ പങ്കെടുത്തു. 1999ൽ ഗുരു നിത്യചൈതന്യയതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി തുടരുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകൾ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം