മലപ്പുറം ചെമ്മങ്കടവിലാണ് ഗ്യാസ് സിലിണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചത്. ചുങ്കപ്പള്ളി മനോജ് ബാബുവിന്റെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. പാചകം ചെയ്യുന്നതിനിടെ സ്റ്റൗവിൽ നിന്നും സിലിണ്ടറിലേക്ക് തീ ആളിപ്പടരുകയായിരുന്നു. നിമിഷനേരം കൊണ്ട് അടുക്കള മുഴുവൻ തീപടർന്നു. വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചും മറ്റും തീ അണയ്ക്കാൻ ശ്രമിച്ചു. മലപ്പുറം അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്തു തീ പൂർണ്ണമായും അണച്ചു സിലിണ്ടർ പുറത്തേക്ക് മാറ്റി. അടുക്കളയിൽ കൂട്ടിയിട്ടിരുന്ന വിറകുകളും മിക്സി ഉൾപ്പെടെ അടുക്കള ഉപകരണങ്ങളും സ്വിച്ച് ബോർഡും കത്തിനശിച്ചു.
പാചക വാതക സിലിണ്ടറിന്റെ പഴയ പൈപ്പിലുണ്ടായ വിള്ളലിൽ കൂടി ഗ്യാസ് പുറത്തേക്ക് എത്തിയതാണ് തീപിടിത്തത്തിന് കാരണം.
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എം.എച്ച്. മുഹമ്മദലിയുടെ നേതൃത്വത്തിൽ റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിൻ, കെ.സി മുഹമ്മദ് ഫാരിസ്, വി.പി നിഷാദ്, ഹോം ഗാർഡ് കുഞ്ഞു മുഹമ്മദ് എന്നിവർ തീ അണയ്ക്കുന്നതിൽ പങ്കാളികളായി.
