ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് തല്ലിക്കൊന്നു.
തൃശൂർ വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബൈയിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ് രാജു.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും അയൽ വാസിയുമായ പുത്തൂർ ഫ്രിന്റോ (42) യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുമ്പാണ് രാജു ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. തിരിച്ച് പോകാനിരിക്കെയാണ് സംഭവം. ബുധനാഴ്ച രാത്രി നടന്ന സത്‌കാരത്തിന് അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുപേർ മടങ്ങിയതിനു പിന്നാലെ പുലർച്ചെയാണ് സംഭവം.
മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. ഫ്രിന്റോ രാജുവിനെ പട്ടിക കൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. രാജു സംഭവ സ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പോലീസിനെ വിവരമറിയിച്ചത്.
പ്രതി പോലീസിന് നേരെയും കൈയേറ്റത്തിന് മുതിർന്നു. ഇൻസ്പെക്ടർ കെ.എൻ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
രാജുവിന്റെ ഭാര്യ: സിജി. മക്കൾ: ഹേഭ, ഹെൽന.
