നീറ്റ് പുന:പരീക്ഷ ജൂൺ 21 ന് ; ഒരുക്കം പൂർത്തിയായി: വ്യാജവാർത്തകളിലും സമൂഹ മാധ്യമ ചർച്ചകളിലും വീണു പോകരുതെന്ന് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി

മാനസിക സമ്മർദം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ഹെൽപ് ലൈൻ നമ്പറായ 14416ൽ ബന്ധപ്പെടാം.

നീറ്റ് പുനഃപരീക്ഷ എഴുതുന്ന വിദ്യാർഥികൾ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നാഷനൽ ടെസ്റ്റിങ്  ഏജൻസി (എൻ.ടി.എ) വാർത്താ കുറിപ്പിൽ അറിയിച്ചു.

സുരക്ഷിതവും സുതാര്യവും നിഷ്പക്ഷവുമായി പരീക്ഷ നടത്താൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി എൻ.ടി.എ വ്യക്തമാക്കി. പുനഃപരീക്ഷ നിശ്ചയിച്ചതുപോലെ ഞായറാഴ്ച തന്നെ നടക്കും. പരീക്ഷ മാറ്റിവെച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകളിലും സമൂഹ മാധ്യമ ചർച്ചകളിലും വിദ്യാർഥികൾ വീണുപോകരുതെന്നും എൻ.ടി.എ അധികൃതർ അറിയിച്ചു.

“എൻ.ടി.എയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കുക. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാറുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയുമായി ചേർന്ന് സുരക്ഷിതവും സുതാര്യവുമായ പരീക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പു നൽകുന്നു. 

പരീക്ഷാ പ്രക്രിയയുടെ വിശ്വാസ്യതക്കാണ് മുൻഗണന നൽകുന്നത്. ഇതിനായി ശക്തമായ ബഹു തല സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്'' -ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

പരീക്ഷയിൽ ക്രമക്കേടുകൾ നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സത്യസന്ധരും കഠിനാധ്വാനികളുമായ വിദ്യാർഥികളെ  സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. വിദ്യാർഥികളുടെ താൽപര്യം മുൻനിർത്തിയാണ് മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയതെന്നും അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് പരീക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

പരീക്ഷാ സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകും. സമ്മർദം കൂടുതലായി തോന്നുകയാണെങ്കിൽ വിദ്യാർഥികൾ തനിച്ചല്ലെന്നും സഹായത്തിനായി 'മനാസ്' ഹെൽപ് ലൈൻ നമ്പറായ 14416ൽ ബന്ധപ്പെടാമെന്നും ഏജൻസി അറിയിച്ചു. 

വിദ്യാർഥികളെ ശാന്തരായിരിക്കാൻ സഹായിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കു വെക്കരുതെന്നും മാതാപിതാക്കളോടും അധ്യാപകരോടും പൊതുസമൂഹത്തോടും എൻ.ടി.എ അഭ്യർഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം